Site iconSite icon Janayugom Online

യുപിഎസ്‌സി ചെയർപേഴ്‌സൺ മനോജ് സോണി രാജിവച്ചു

വിവാദങ്ങൾക്കിടെ യുപിഎസ്‌സി ചെയർപേഴ്‌സൺ മനോജ് സോണി രാജിവച്ചു. ഐഎഎസ് ട്രെയിനി പൂജ ഖേദ്കറുടെ നിയമനവുമായി ബന്ധപ്പെട്ട് യുപിഎസ്‌സി പരീക്ഷാ നടത്തിപ്പിനെതിരെ ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് രാജി. അതേസമയം വ്യക്തിപരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നുവെന്നാണ് വിശദീകരണം. കാലാവധി കഴിയാൻ അഞ്ച് വർഷം അവശേഷിക്കെയാണ് അപ്രതീക്ഷിത രാജി.
2017ലാണ് മനോജ് സോണി യുപിഎസ്‌സി അംഗമാകുന്നത്. 2023 മേയ് 16ന് യുപിഎസ്‌സി ചെയര്‍മാനായി മനോജ്‌ ചുമതലയേറ്റു. മഹാരാഷ്ട്രയില്‍ നിന്നുള്ള പൂജ ഖേദ്കര്‍ വ്യാജ രേഖകള്‍ നല്‍കി സിവില്‍ സര്‍വീസില്‍ പ്രവേശനം നേടിയതുമായി ബന്ധപ്പെട്ട് യുപിഎസ്‌സിക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

2005 മുതല്‍ 2008 വരെ എംഎസ് സര്‍വകലാശാലയുടെയും 2009 മുതല്‍ 2015 വരെ ഡോ. ബാബാ സാഹേബ് അംബേദ്കര്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെയും വൈസ് ചാന്‍സലറായിരുന്നു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാന്‍സലറായിരുന്നു മനോജ് സോണി. എംഎസ് സർവകലാശാല വെെസ് ചാന്‍സലറായി ചുമതലയേല്‍ക്കുമ്പോള്‍ 40 വയസ് മാത്രമായിരുന്നു പ്രായം. 

Eng­lish Sum­ma­ry: UPSC Chair­per­son Manoj Soni has resigned
You may also like this video

Exit mobile version