Site icon Janayugom Online

കർഷകർക്ക് സഹായം നൽകുന്നതിന് അതിവേഗ നടപടി: മന്ത്രി പി പ്രസാദ്

സംസ്ഥാനത്ത് മഴക്കെടുതിയിൽ കൃഷിനാശം നേരിട്ട കർഷകർക്ക് സഹായം അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. മടവീഴ്ചയുണ്ടായ ചെറുതന തേവേരി- തണ്ടപ്ര പാടശേഖരം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനസഹായത്തിനായി ഇതുവരെ ലഭിച്ച എല്ലാ അപേക്ഷകളിലും നവംബർ പത്തിനകം നടപടികൾ പൂർത്തീകരിക്കാനാണ് തീരുമാനം.

കഴിഞ്ഞ ദിവസങ്ങളിൽ കൃഷിനാശം നേരിട്ടവർ പത്തു ദിവസത്തിനകം അപേക്ഷ നൽകിയാൽ മതിയാകും. നേരിട്ടോ അക്ഷയ മുഖേനയോ ഓൺലൈനായി അപേക്ഷ നൽകാം. ഇതിന് കഴിയാത്തവരുടെ അപേക്ഷ സ്വീകരിക്കുന്നതിന് അതത് പ്രദേശങ്ങളിലെ കൃഷിഭവനുകളിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളിൽ സ്ഥലം സന്ദർശിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്. ഇതിനുശേഷമുള്ള നടപടികളും അതിവേഗം പൂർത്തീകരിക്കും.

കാലാവസ്ഥാ വ്യതിനായനത്തെ ഒരു യാഥാർത്ഥ്യമായി അംഗീകരിച്ചുകൊണ്ടുതന്നെ അഭിമുഖീകരിക്കുക എന്ന മാർഗമാണ് നമുക്കു മുന്നിലുള്ളത്. വെള്ളപ്പൊക്കത്തെത്തുടർന്ന് പാടശേഖരങ്ങളിലുണ്ടാകുന്ന മടവീഴ്ച്ചയ്ക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, ജനപ്രതിനിധികൾ, പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസർ ആർ ശ്രീരേഖ, ഡെപ്യൂട്ടി ഡയറക്ടർ സഫീന, സിപിഐ മണ്ഡലം സെക്രട്ടറി കെ കാര്‍ത്തികേയന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ ശോഭ,തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലും മന്ത്രി സന്ദർശനം നടത്തി.

Exit mobile version