കേരള സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഘടകങ്ങളിൽ ഒന്നായ തോട്ടം മേഖലയെ സംരക്ഷിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് സിപിഐ നേതാവ് പി സന്തോഷ് കുമാർ പ്രത്യേക പരാമർശത്തിലൂടെ രാജ്യസഭയിൽ ആവശ്യപ്പെട്ടു. കയറ്റുമതി വരുമാനത്തിന്റെയും ഗ്രാമീണ തൊഴിലവസരങ്ങളുടെയും മുഖ്യ ആധാരമായ ഈ മേഖല സ്ഥിരമായ ആദായ നിരക്കിന്റെ അഭാവം, പഴകിയ തോട്ടങ്ങൾ എന്നിവ കാരണങ്ങളാൽ തളർന്നിരിക്കുകയാണ്. ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കുന്നത് ചെറുകിട കർഷകരെയും തൊഴിലാളികളെയും പിന്നാക്ക വിഭാഗങ്ങളെയുമാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ മുന്നോട്ടുവച്ചിരിക്കുന്ന പരസ്പര തീരുവ നയങ്ങൾ കേരളത്തിന്റെ തോട്ടവിള കയറ്റുമതിയെ ഗുരുതരമായി ബാധിക്കുമെന്നും ഇതുവഴി സംസ്ഥാനത്തിന് കുറഞ്ഞത് 2,500 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും പി സന്തോഷ് കുമാർ മുന്നറിയിപ്പ് നൽകി. കർഷകവിരുദ്ധ നയങ്ങൾ മുൻ കോൺഗ്രസ് സർക്കാർ കാലത്ത് കേരളത്തിലെ കർഷകരെ പ്രതികൂലമായി ബാധിച്ചിരുന്നുവെന്നും നിലവിലെ ബിജെപി സർക്കാർ അതേ നയങ്ങൾ തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എം പി മൂന്ന് പ്രധാന ആവശ്യങ്ങൾ മുന്നോട്ടുവച്ചു.
ഒന്നാമതായി, കേന്ദ്ര‑കേരള സർക്കാർ, റബ്ബർ ഉപയോക്തൃ വ്യവസായങ്ങൾ എന്നിവര്‍ ചേർന്ന് 1,000 കോടിയുടെ റബ്ബർ വിലസ്ഥിരീകരണ നിധി രൂപീകരിക്കണം. താങ്ങു വില കിലോയ്ക്ക് കുറഞ്ഞത് 300 രൂപയായി ഉയർത്തണമെന്നും നിലവിൽ കേരള സർക്കാർ നൽകുന്ന 200 രൂപയുടെ സഹായം വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടാമതായി, വിവിധ തോട്ടവിളകളുമായി ബന്ധപ്പെട്ട കമോഡിറ്റി ബോർഡുകൾക്കുള്ള കേന്ദ്ര വിഹിതം ഗണ്യമായി വർധിപ്പിക്കണം. വർഷങ്ങളായി ഈ വിഹിതം വർധിപ്പിച്ചിട്ടില്ല. മൂന്നാമതായി, റബ്ബർ, തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ വിളകൾക്കായി പുനർനടീൽ, പുനരുജ്ജീവനം, കയറ്റുമതി പ്രോത്സാഹനം എന്നിവ ഉൾപ്പെടുന്ന പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും പി സന്തോഷ് കുമാർ ആവശ്യപ്പെട്ടു.

