Site iconSite icon Janayugom Online

ലക്ഷദ്വീപിലേക്ക് പോയ ഉരു മുങ്ങി: ആറു തൊഴിലാളികളെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി

uruuru

ബേപ്പൂർ തുറമുഖത്തു നിന്നും ലക്ഷദ്വീപിലെ ആന്ത്രോത്ത്, കവരത്തി എന്നിവടങ്ങളിലേക്ക് ചരക്കുകയറ്റിപ്പോയ യന്ത്രവത്കൃത ഉരു ആഴക്കടലിൽ മുങ്ങി.

ബേപ്പൂരിൽ നിന്ന് 30 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം. ബേപ്പൂർ സ്വദേശിയായ അബ്ദുൾ റസാഖിന്റെ ഉടമസ്ഥതയിലുള്ള ഉരുവാണ് അപകടത്തിൽ പെട്ടത്. ഉരുവിൽ ഉണ്ടായിരുന്ന ഗുജറാത്ത് കച്ച് സ്വദേശികളായ ആറു തൊഴിലാളികളെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി തുറമുഖത്ത് എത്തിച്ചു.

കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെയാണ് സിമന്റും മറ്റു കെട്ടിട നിർമ്മാണ സാമഗ്രികളുമായി മലബാർ ലൈറ്റ് എന്ന ഉരു ലക്ഷദ്വീപിലേക്ക് പുറപ്പെട്ടത്. സിമന്റ്, സ്റ്റീൽ, എം സാൻഡ്, മെറ്റൽ, ഹോളോ ബ്രിക്സ്, ഭക്ഷ്യവസ്തുക്കൾ, ഫർണ്ണിച്ചർ എന്നിവ ഉൾപ്പെടെ 300 ടൺ ചരക്ക് ഉരുവിൽ ഉണ്ടായിരുന്നു. ഇതിന് പുറമെ പതിനാല് പശുക്കളും 2200 ലിറ്റൽ ഡീസലും ഉരുവിൽ ഉണ്ടായിരുന്നു. യാത്രയ്ക്കിടെ 30 നോട്ടിക്കൽ മൈൽ അകലെ എത്തിയപ്പോഴാണ് എൻജിൻ മുറിയിൽ വെള്ളം കയറുന്നത് തൊഴിലാളികളുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ ബേപ്പൂർ തീരത്തേക്ക് തിരിച്ചു വരുന്നതിനിടെ പുലർച്ചെ രണ്ടിനാണ് ഉരു പൂർണമായും മുങ്ങിത്തുടങ്ങിയത്.

അപകട വിവരം തൊഴിലാളികൾ അറിയിച്ച ഉടൻ ബേപ്പൂരിൽ നിന്നുള്ള കോസ്റ്റ് ഗാർഡിന്റെ സി404 കപ്പൽ പുറപ്പെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി. അര മണിക്കൂറിനകം തൊഴിലാളികളെ രക്ഷപ്പെടുത്താനായി. ലൈഫ് ബോട്ട് ഉപയോഗിച്ച് രക്ഷപ്പെട്ട ആറു തൊഴിലാളികളും നടുക്കടലിൽ കുടങ്ങിയ നിലയിലായിരുന്നു. രാവിലെ ആറേ കാലോടെ എല്ലാവരെയും ബേപ്പൂർ തുറമുഖത്ത് എത്തിച്ചു. ഉരുവിനും ചരക്കും ഉൾപ്പെടെ ഏതാണ് ഒരു കോടിയുടെ നാശനഷ്ടം കണക്കാക്കുന്നു. മോശമായ കാലവസ്ഥയ്ക്കിടയിലും കോസ്റ്റ് ഗാർഡിന്റെ ദ്രുതഗതിയിലുള്ള ഇടപെടലാണ് ഉരുവിലെ ജീവനക്കാരെ രക്ഷപ്പെടുത്താൻ സഹായകമായതെന്ന് ക്യാപ്റ്റൻ വിശാൽ പറഞ്ഞു.

Eng­lish Sum­ma­ry: Uru sinks off Lak­shad­weep: Coast Guard res­cues six workers

You may like this video also

Exit mobile version