Site iconSite icon Janayugom Online

ഉക്രെയ്നെ യുഎസ് കൈവിടുന്നു

ഉക്രെയ്നെ കൈവിട്ട് യുഎസ്. 2014 ന് മുമ്പുള്ള ഉക്രെയ്ന്‍ അതിര്‍ത്തികള്‍ പുനഃസ്ഥാപിക്കുകയെന്നത് അപ്രായോഗികമാണെന്ന് യുഎസ് അഭിപ്രായപ്പെട്ടു. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പോംവഴി ഉക്രെയ‌്ന് നാറ്റോ അംഗത്വം നല്‍കുകയാണെന്ന് കരുതുന്നില്ലെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പെറ്റെ ഹേഗ്സേത് പറഞ്ഞു. ബ്രസല്‍സിലെ നാറ്റോ ആസ്ഥാനത്ത് ഉക്രെയ്ന്‍ സൈനിക സഖ്യരാജ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് വര്‍ഷമായി തുടരുന്ന ഉക്രെയ്ന്‍-റഷ്യ യുദ്ധത്തിനോട് പുതിയ ട്രംപ് സര്‍ക്കാരിനുള്ള സമീപനം വ്യക്തമാക്കുന്നതാണ് നിലപാട്. കഴിഞ്ഞദിവസം ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഉക്രെയ്ൻ എന്നെങ്കിലും റഷ്യയുടെ ഭാഗമായേക്കാം എന്ന് ഡൊണാൾഡ് ട്രംപ് അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
യൂറോപ്പിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് നാറ്റോയുടെ ഉത്തരവാദിത്തമാണ്. ഉക്രെയ്ന്റെ പരമാധികാരവും സമൃദ്ധിയും ഞങ്ങളും ആഗ്രഹിക്കുന്നു. എന്നാല്‍ ഉക്രെയ്ന്‍ അതിര്‍ത്തി 2014ന് മുമ്പുള്ളതാക്കണമെന്നത് അപ്രായോഗികമാണെന്ന് 40 രാജ്യങ്ങളിലെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഹേഗ്സേത് പറഞ്ഞു. ഇത്തരത്തിലുള്ള ലക്ഷ്യങ്ങളുടെ പുറകെ പോകുന്നത് യുദ്ധം കൂടുതല്‍ രൂക്ഷമാകാന്‍ കാരണമാകുമെന്നും അദ്ദേഹം പറ‌ഞ്ഞു.

2014 മാര്‍ച്ചിലാണ് റഷ്യ ഉക്രെയ‌്നില്‍ നിന്ന് ക്രിമിയ ഉള്‍പ്പെടുന്ന മേഖല പിടിച്ചെടുത്തത്. തുടര്‍ന്ന് ഉക്രെയ്നിലെ കിഴക്കന്‍ ഡോണ്‍ബാസ് മേഖലയില്‍ റഷ്യന്‍ അനുകൂല സായുധ സേന ഉക്രെയ്ന്‍ സൈന്യത്തിനെതിരെ ആക്രമണം നടത്തുകയും ചെയ്തു. പിടിച്ചെടുത്ത ഉക്രെയ്ന്‍ പ്രദേശങ്ങള്‍ വിട്ടുകൊടുക്കില്ലെന്ന് റഷ്യയും നിലപാട് അറിയിച്ചിരുന്നു. ഉക്രെയ്ന്‍ പിടിച്ചെടുത്തിരിക്കുന്ന റഷ്യയുടെ കുര്‍സ്ക് മേഖല വിട്ടുകൊടുത്ത് റഷ്യ പിടിച്ചെടുത്തിരിക്കുന്ന ഏതെങ്കിലും ഉക്രെയ്ന്‍ മേഖല തിരിച്ചുപിടിക്കാന്‍ പദ്ധതിയിടുന്നതായി പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

സെലന്‍സ്കിയുടെ ആവശ്യത്തെ പൂര്‍ണമായും തള്ളിക്കൊണ്ടായിരുന്നു റഷ്യയുടെ പ്രതികരണം. പിടിച്ചെടുത്ത പ്രദേശങ്ങള്‍ കൈമാറുകയെന്നത് അസാധ്യമാണ്. ഇത്തരത്തില്‍ ഒരു ചര്‍ച്ച റഷ്യ നടത്തിയിട്ടില്ലെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. ഉക്രെയ്ന്റെ 20 ശതമാനത്തോളം വരുന്ന 1,12,000 ചതുരശ്രകിലോമീറ്ററാണ് റഷ്യയുടെ കൈവശമുള്ളത്. കുര്‍സ്ക് മേഖലയുടെ 450 ചതുരശ്ര കിലോമീറ്റര്‍ ഉക്രെയ്ന്റെ കൈവശവുമുണ്ട്. 

Exit mobile version