വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് ഗാസയിലെ സാധാരണക്കാരായ ജനങ്ങള്‍ക്കെതിരെ ആക്രമണം നടത്താന്‍ ഹമാസ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്. ഇത് വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനത്തിന് കാരണമാകുമെന്നും അവര്‍ വ്യക്തമാക്കി. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍, ‘പലസ്തീനിലെ സാധാരണക്കാര്‍ക്കെതിരെയുള്ള ഈ ആസൂത്രിത ആക്രമണം വെടിനിര്‍ത്തല്‍ കരാര്‍ ഗുരുതരമായി ലംഘിക്കുന്നതിന് തുല്യമാണ്. ഇത് മധ്യസ്ഥ ശ്രമങ്ങളിലൂടെ കൈവരിച്ച പുരോഗതിയെ ഇല്ലാതാക്കും’ എന്ന് ചൂണ്ടിക്കാട്ടുന്നു.
ഹമാസ് ആക്രമണ പദ്ധതിയുമായി മുന്നോട്ട് പോവുകയാണെങ്കില്‍, ഗാസയിലെ ജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കുകയും വെടിനിര്‍ത്തലിന്റെ വിശ്വാസ്യത നിലനിര്‍ത്തുകയും ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. ഗാസയിലെ യുദ്ധം അവസാനിക്കണമെങ്കില്‍ വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയാകണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഹമാസിനെ നിരായുധമാക്കുക എന്നതാണ് ഈ ഘട്ടത്തിലെ പ്രധാന ലക്ഷ്യം. രണ്ടാം ഘട്ടത്തില്‍, ഹമാസിനെ നിരായുധമാക്കുകയോ, അല്ലെങ്കില്‍ ഹമാസിന്റെ ആയുധങ്ങള്‍ പൂര്‍ണമായി നീക്കം ചെയ്തുകൊണ്ട് ഗാസ മുനമ്പിനെ സൈനികമുക്തമാക്കുകയോ ചെയ്യണം. ഇത് എളുപ്പത്തിലായാലും, കഠിനമായ രീതിയിലായാലും, ആ ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ യുദ്ധം അവസാനിക്കും’ നെതന്യാഹു ചാനല്‍ 14നോട് പറഞ്ഞു.

