ഇസ്രയേലില്‍ അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനം വിന്യസിക്കാന്‍ തയാറെടുത്ത് അമേരിക്ക. ഇറാനിൽനിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി ദ ടെര്‍മിനല്‍ ഹൈ ആള്‍റ്റിറ്റ്യൂഡ് ഏരിയ ഡിഫെന്‍സ്(ടിഎച്ച്എഎഡി- താഡ്) പ്രതിരോധ സംവിധാനമാണ് അമേരിക്ക വിന്യസിക്കുന്നത്. ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കുന്ന സംവിധാനമാണ് താഡ്. 100ഓളം യുഎസ് സൈനികരോടൊപ്പം താഡ് സംവിധാനവും അയയ്ക്കുമെന്ന് പെന്റഗണ്‍ അറിയിച്ചു. സെെനികരെ ഇസ്രയേലില്‍നിന്ന് അകറ്റി നിര്‍ത്തണമെന്ന് ടെഹ്‌റാന്‍ യുഎസിന് മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം.
ഇസ്രയേലിന് പ്രതിരോധിക്കാനായി താഡ് ബാറ്ററി വിന്യസിക്കാന്‍ സമ്മതിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. യുദ്ധം ഒഴിവാക്കാനുള്ള വ്യാപക നയതന്ത്ര ശ്രമങ്ങള്‍ക്കിടെയാണ് അമേരിക്കയുടെ നീക്കം. ഇസ്രയേലിന്റെ പ്രതിരോധത്തെ പിന്തുണയ്ക്കുന്നതിനും ഇറാന്റെ ആക്രമണങ്ങളില്‍നിന്ന് അമേരിക്കക്കാരെ സംരക്ഷിക്കുന്നതിന് സമീപമാസങ്ങളില്‍ യുഎസ് സൈന്യം വരുത്തിയ വിപുലമായ ക്രമീകരണങ്ങളുടെ ഭാഗമാണിതെന്ന് പെന്റഗണ്‍ വക്താവ് പാറ്റ് റൈഡര്‍ പറഞ്ഞു. കഴിഞ്ഞ വർഷം ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് അമേരിക്ക ഇസ്രയേലിന് അവസാനമായി മിസെെല്‍ പ്രതിരോധ സംവിധാനം നല്‍കിയത്. തെക്കൻ ഇസ്രായേലിലേക്ക് 2019ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ താഡ് വിന്യസിച്ചിരുന്നു.
150 മുതൽ 200 കിലോമീറ്റർ (93 മുതൽ 124 മൈൽ വരെ) പരിധിയിലുള്ള ബാലിസ്റ്റിക് മിസൈലുകളെ തടയാന്‍ താഡ് സംവിധാനത്തിന് കഴിയും. യുഎസ് സെെന്യത്തിന് ഏഴ് താഡ് ബാറ്ററികളാണുള്ളത്. സാധാരണയായി ഓരോന്നിനും ആറ് ട്രക്ക് ഘടിപ്പിച്ച ലോഞ്ചറുകൾ, 48 ഇന്റര്‍സെപ്റ്ററുകൾ, റേഡിയോ, റഡാർ ഉപകരണങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ പ്രവര്‍ത്തിപ്പിക്കാന്‍ 95 സെെനികര്‍ ആവശ്യമാണ്. ഇസ്രയേലില്‍ യുഎസ് മിസൈല്‍ സംവിധാനങ്ങള്‍ വിന്യസിക്കുകവഴി അമേരിക്ക തങ്ങളുടെ സൈനികരുടെ ജീവന്‍ അപകടത്തിലാക്കുകയാണെന്ന് ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അറാക്കി പ്രതികരിച്ചു. യുദ്ധം തടയാന്‍ വളരെയധികം പരിശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇറാന്റെയും ജനങ്ങളെയും താല്‍പ്പര്യങ്ങളെ സംരക്ഷിക്കുന്നതില്‍ പരിധികളില്ലെന്ന് ആവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞു.
അതേസമയം, വടക്കാന്‍ ഗാസയിലെ ജബലിയയില്‍ ഇസൈനിക പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ലക്ഷക്കണക്കിന് പലസ്തീനികളെ വെള്ളമോ ഭക്ഷണമോ ഇല്ലാതെ പട്ടിണിയിലേക്കു തള്ളിവിടാനും ഈ മേഖലയിലെ മാനുഷിക സഹായം അവസാനിപ്പിക്കാനുമുള്ള പദ്ധതിയുടെ മുന്നോടിയായാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രദേശം അടച്ചിട്ട സൈനികമേഖലയായി പ്രഖ്യാപിക്കും മുന്‍പ് പ്രദേശവാസികള്‍ക്ക് ഒഴിഞ്ഞുപോകാന്‍ ഒരാഴ്ച സമയം നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്. അവശേഷിക്കുന്നവരെ സൈനിക നിയമങ്ങള്‍ക്കു വിധേയമായി കണക്കാക്കുകയും ഭക്ഷണം, വെള്ളം, മരുന്നുകള്‍, ഇന്ധനം തുടങ്ങിയ അവശ്യസാധനങ്ങള്‍ നിഷേധിക്കുകയും അവരെ കൊല്ലാന്‍ സൈനികരെ അനുവദിക്കുകയും ചെയ്യും. ‘ജനറല്‍സ് പ്ലാന്‍’ എന്ന് വിശേഷിപ്പിക്കുന്ന ഈ തന്ത്രം ഹമാസ് നേതൃത്വത്തെ തകര്‍ക്കാനും സാധാരണക്കാര്‍ക്ക് അസഹനീയമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ച് വടക്കന്‍ ഗാസയിലെ ഹമാസിന്റെ സ്വാധീനം തകര്‍ക്കാനും വേണ്ടിയുള്ളതാണെന്നാണ് സൂചന.