Site iconSite icon Janayugom Online

കിഴക്കൻ പസഫിക്കിൽ ബോട്ടിനു നേരെ യുഎസ് ആക്രമണം

കിഴക്കൻ പസഫിക്കിൽ മയക്കുമരുന്ന് കടത്തിയെന്നാരോപിച്ച് ബോട്ടിനു നേരെ യുഎസ് സെെന്യത്തിന്റെ ആക്രമണം. നാല് പേർ കൊല്ലപ്പെട്ടതായി പെന്റഗണ്‍ സ്ഥിരീകരിച്ചു. അതേസമയം, ആക്രമണത്തിന്റെ നിയമസാധുതയെക്കുറിച്ച് ചോദ്യങ്ങളുയരുന്നുണ്ട്. ഫ്ലോറിഡ ആസ്ഥാനമായുള്ള യുഎസ് സതേൺ കമാൻഡ് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ നിർദേശപ്രകാരം ജോയിന്റ് ടാസ്‌ക് ഫോഴ്‌സ് സതേൺ സ്പിയർ തീവ്രവാദ സംഘടനയുടെ ബോട്ടില്‍ ആക്രമണം നടത്തിയെന്നും സതേണ്‍ കമാന്‍ഡ് വ്യക്തമാക്കി. 

കരീബിയൻ കടലിലും കിഴക്കൻ പസഫിക് സമുദ്രത്തിലും ബോട്ടുകൾക്ക് നേരെ യുഎസ് സൈന്യം നടത്തുന്ന 22-ാമത്തെ ആക്രമണമാണിത്. സെപ്റ്റംബർ മുതൽ ആക്രമണം ആരംഭിച്ച ശേഷം ഇതുവരെ 87 പേര്‍ കൊല്ലപ്പെട്ടു. മയക്കുമരുന്ന് കടത്തുകാരെ ലക്ഷ്യം വച്ചുള്ള സെെനിക നടപടിയുടെ നിയമപരമായ സാധുതയക്കെുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പെന്റഗണും വൈറ്റ് ഹൗസും ഇതുവരെ തയ്യാറായിട്ടില്ല. ഇതിനിടെയാണ് ഏറ്റവും പുതിയ ആക്രമണമുണ്ടാകുന്നത്. 

സെപ്റ്റംബറിൽ നടന്ന ആദ്യത്തെ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് യുഎസ് നിയമനിർമ്മാതാക്കൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആക്രമണം അതിജീവിച്ചവരെ കൊലപ്പെടുത്താന്‍ പ്രതിരോധ സെക്രട്ടറി സെെന്യത്തിന് വാക്കാല്‍ നിര്‍ദേശം നല്‍കിയെന്ന വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഹെഗ്‌സെത്തിനെതിരെ കൂടുതൽ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. വ്യാഴാഴ്ച, ഒരു ഡെമോക്രാറ്റിക് നിയമസഭാംഗം ഹെഗ്‌സെത്തിനെതിരെ ഇംപീച്ച്‌മെന്റ് നടപടികൾ അവതരിപ്പിച്ചിരുന്നു. 

Exit mobile version