Site iconSite icon Janayugom Online

ഇറാന്റെ എണ്ണക്കയറ്റുമതി കേന്ദ്രത്തിന് നേരെ അമേരിക്കൻ ആക്രമണം; ആയുധം വെച്ച് കീഴടങ്ങാൻ ട്രംപിന്റെ മുന്നറിയിപ്പ്

ഇറാന്റെ എണ്ണക്കയറ്റുമതിയുടെ ജീവനാഡിയായ ഖാർഗ് ദ്വീപിന് നേരെ ആക്രമണം നടത്തി അമേരിക്ക. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേരിട്ടുള്ള ഉത്തരവിനെത്തുടർന്നാണ് നീക്കം. ദ്വീപിലെ സൈനിക കേന്ദ്രങ്ങളെയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നും എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെ നിലവിൽ ബാധിച്ചിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി.

പേർഷ്യൻ ഗൾഫിൽ ഇറാൻ തീരത്തുനിന്ന് 25 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന എട്ട് കിലോമീറ്റർ മാത്രം നീളമുള്ള ഖാർഗ് ദ്വീപ് ഇറാന്റെ സാമ്പത്തിക ഭദ്രതയിൽ അതീവ നിർണ്ണായകമാണ്. രാജ്യത്തെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഈ ചെറുദ്വീപ് വഴിയാണ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിതമായ യാത്രയ്ക്ക് ഇറാൻ തടസ്സം സൃഷ്ടിച്ചാൽ ആക്രമണം കടുപ്പിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

ഇറാൻ ഭരണകൂടവും സൈന്യവും ആയുധം വെച്ച് കീഴടങ്ങണമെന്നാണ് അമേരിക്കയുടെ ആവശ്യം. “ഇറാൻ സൈന്യവും ഭീകര ഭരണകൂടവുമായി ബന്ധപ്പെട്ട മറ്റെല്ലാവരും ആയുധങ്ങൾ താഴെ വെച്ച് കീഴടങ്ങണം. ഇറാന്റെ ബാക്കിയുള്ള ഭാഗമെങ്കിലും സംരക്ഷിക്കാനുള്ള ഏക മാർഗം ഇതാണ്,” ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. തങ്ങളുടെ പക്കലുള്ള മാരകമായ ആയുധങ്ങൾ പ്രയോഗിക്കാൻ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം ഇതോടെ യുദ്ധസമാനമായ സാഹചര്യത്തിലേക്ക് മാറിയിരിക്കുകയാണ്.

Exit mobile version