Site iconSite icon Janayugom Online

ബീജിങ് ഒളിമ്പിക്സ് നയതന്ത്ര തലത്തില്‍ ബഹിഷ്കരിച്ച് യുഎസ്; തീരുമാനത്തിന് മറുപടി പറയേണ്ടി വരുമെന്ന് ചെെന

olympicsolympics

ബീജിങ് ശീതകാല ഒളിമ്പിക്സ് നയതന്ത്ര തലത്തില്‍ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച് യുഎസ്. ഷിന്‍ജിയാങ് പ്രവിശ്യയില്‍ ഉയിഗുര്‍ മുസ്‍ലിങ്ങള്‍ക്കെതിരെ ചെെന നടത്തുന്ന മനുഷ്യാവകാശ ധ്വംസന പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ചാണ് യുഎസിന്റെ നടപടി. നയതന്ത്ര ഉദ്യോഗസ്ഥരെയും ഔദ്യോഗിക പ്രതിനിധികളെയും ഒളിമ്പിക്സിന് അയക്കില്ലെന്നും നയതന്ത്രതലത്തിലെ ബഹിഷ്കരണം അമേരിക്കന്‍ കായികതാരങ്ങളുടെ പങ്കാളിത്തത്തെ ബാധിക്കില്ലെന്നും വെെറ്റ് ഹൗസ് വ്യക്തമാക്കി. ഔദ്യോഗിക പ്രതിനിധികളെ അയച്ചാല്‍ സാധാരണ നടപടിക്രമത്തിന് സമാനമാകുമെന്നും തങ്ങള്‍ക്കത് ചെയ്യാന്‍ കഴിയില്ലെന്നും വെെറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ പസ്‍കി പറഞ്ഞു.

ഒളിമ്പിക്സ് ബഹിഷ്കരിക്കണമെന്ന് ചില യുഎസ് കോണ്‍ഗ്രസ് അംഗങ്ങളും പ്രസിഡന്റ് ജോ ബെെഡനോട് ആവശ്യപ്പെട്ടിരുന്നു.യുഎസ് തീരുമാനത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തു.

ഒളിമ്പിക്സ് ബഹിഷ്കരിക്കാനുള്ള യുഎസ് തീരുമാനം തുറന്ന രാഷ്ട്രീയ പ്രകോപമനമാണെന്നും തിരിച്ചടിക്കുമെന്നും ചെെന മുന്നറിയിപ്പ് നല്‍കി. യുഎസ് തീരുമാനം ഒരു തരത്തിലും ഒളിമ്പിക്സിനെ ബാധിക്കില്ല. രാഷ്ടീയം കളിക്കാനുള്ള സ്ഥലമല്ല ഒളിമ്പിക്സ് വേദി. പ്രത്യയശാസ്ത്രപരമായ മുൻവിധികളാൽ ഒളിമ്പിക്സ് ബഹിഷ്കരിക്കാനുള്ള യുഎസ് തീരുമാനം രാഷ്ട്രീയപരമായ ദുരുദ്ദേശത്തെയാണ് തുറന്ന് കാട്ടുന്നതെന്നം ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ പറഞ്ഞു. കായിക മേഖലയെ രാഷ്ട്രീയവല്‍ക്കരിക്കാനും അനാവശ്യമായി ബീജിങ് ഒളിമ്പിക്സില്‍ ഇടപെടാനുള്ള ശ്രമവും യുഎസ് അവസാനിപ്പിക്കണമെന്നും ലിജിയാൻ കൂട്ടിച്ചേര്‍ത്തു.

യുഎസിന് പിന്നാലെ ന്യൂസിലന്‍‍ഡും ശീതകാല ഒളിമ്പിക്സില്‍ നിന്നും നയതന്ത്ര ബഹിഷ്കരണം പ്രഖ്യാപിച്ചിട്ടുണ്ട്. നയതന്ത്ര പ്രതിനിധികളെ ചെെനയിലേക്ക് അയക്കില്ലെന്ന് ഉപപ്രധാനമന്ത്രി ഗ്രാൻഡ്​ റോബട്​സണ്‍ അറിയിച്ചു. കോവിഡ്​ ഭീഷണി മൂലമാണ്​ ഒളിമ്പിക്​സ്​ ബഹിഷ്​കരിക്കുന്നതെന്നും യുഎസിന്റെ തീരുമാനപ്രകാരമല്ല ന്യൂസിലന്‍ഡ് നയതന്ത്ര പ്രതിനിധികളെ അയക്കാത്തതെന്നും റോബട്​സണ്‍ പറഞ്ഞു. ചൈനയെ ഇക്കാര്യം ഒക്​ടോബറിൽ തന്നെ അറിയിച്ചിരുന്നു.ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങളിൽ ന്യൂസിലന്‍ഡ് നേരത്തെ തന്നെ പ്രതിഷേധമറിയിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉദ്യോഗസ്ഥരെ അയക്കുന്നത് സംബന്ധിച്ച തീരുമാനം സര്‍ക്കാരുകളുടേതാണെന്നും തീരുമാനങ്ങളെ പൂർണ്ണമായി മാനിക്കുന്നുവെന്നും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രതികരിച്ചു.

Eng­lish Summary:US boy­cotts Bei­jing Olympics at diplo­mat­ic lev­el; Chen said he would have to respond to the decision

You may like this video also

Exit mobile version