Site iconSite icon Janayugom Online

2025ൽ യുഎസ് ഒരു ലക്ഷത്തിലധികം വിസകൾ റദ്ദാക്കി

കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതായി ഭരണകൂടം അവകാശപ്പെടുന്ന ഒരു ലക്ഷത്തിലധികം പേരുടെ വിസകൾ കഴിഞ്ഞ വര്‍ഷം റദ്ദാക്കിയതായി യുഎസ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുന്നതിനും കുടിയേറ്റ നിയമങ്ങൾ നടപ്പിലാക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായുള്ള നടപടിയാണിതെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വിശദീകരണം.
റദ്ദാക്കിയവയില്‍ ഏകദേശം 8,000 വിദ്യാർത്ഥി വിസകളും 2,500 സ്പെഷ്യലൈസ്‌ഡ് വിസകളും ഉള്‍പ്പെടുന്നു. വിവിധ വിവാദങ്ങളില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളുടെ വിസകളാണ് റദ്ദാക്കിയതെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയെ സുരക്ഷിതമായി നിലനിർത്താൻ തങ്ങൾ ഈ കൊള്ളക്കാരെ നാടുകടത്തുന്നത് തുടരുമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കൂട്ടിച്ചേർത്തു.
രാജ്യത്ത് എത്തിച്ചേരുന്നവര്‍ യുഎസിന്റെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ട്രംപ് ഭരണകൂടം ഉറപ്പാക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. ഇതിനായി നിരവധി നടപടികള്‍ രാജ്യം സ്വീകരിക്കുന്നുണ്ട്. ടാതെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി താമസിക്കുന്ന വിസ ഉടമകൾ എല്ലാ നിയമപരമായ നടപടികളും കർശനമായി പാലിക്കണമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് മുന്നറിയിപ്പ് നല്‍കി.
അടുത്തിടെ ഇന്ത്യയിലെ യുഎസ് എംബസി വിദ്യാർഥികൾക്ക് നിയമങ്ങള്‍ കര്‍ശനമാക്കിയിരുന്നു. യുഎസ് നിയമങ്ങൾ ലംഘിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഇത് വിസ റദ്ദാക്കുന്നതിലേക്കും യുഎസിൽ നിന്ന് നാടുകടത്തലിലേക്കും നയിക്കുമെന്നും എംബസി വ്യക്തമാക്കിയിരുന്നു. 

Exit mobile version