Site iconSite icon Janayugom Online

ടിക് ടോക്ക് വില്‍പ്പനയുമായി ബന്ധപ്പെട്ട് യുഎസ് ‑ചൈന ചര്‍ച്ച ; ട്രംപ് ‑ഷി കൂടിക്കാഴ്ച

ടിക് ടോക്ക് വില്‍പ്പനയും , ഉഭയക്ഷി വ്യാപാരവും മറ്റ് സാമ്പത്തിക വിഷയങ്ങളും ചര്‍ച്ച ചെയ്ത് അമേരിക്കന്‍, ചൈനീസ് പ്രതിനിധി സംഘങ്ങള്‍, ഒക്ടോബറില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങും തമ്മിലുള്ള കൂട്ടിക്കാഴ്ച കളമൊരുക്കാനാണ് ഈ ചര്‍ച്ച .യുഎസ് ധനകാര്യ സെക്രട്ടറി സ്‌കോട്ട് ബെസെന്റിന്റെയും വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറിന്റെയും നേതൃത്വത്തിലുള്ള അമേരിക്കൻ പ്രതിനിധി സംഘവും ചൈനീസ് ഉപപ്രധാനമന്ത്രി ഹെ ലിഫെങ് നയിച്ച ചൈനീസ് സംഘവുമാണ് കൂടിക്കാഴ്ച നടത്തിയത്.

ചർച്ച ആറ് മണിക്കൂറിലധികം നീണ്ടുനിന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ചർച്ച ഇന്നും തുടരുമെന്ന് യോഗത്തിന് ശേഷം സ്‌കോട്ട് ബെസെന്റ് പറഞ്ഞു. ദേശീയ സുരക്ഷാ പ്രശ്‌നങ്ങളും ബൈറ്റ്ഡാൻസിന്റെ ടിക് ടോക്കിന്റെ നിലവിലെ അവസ്ഥയും യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുന്നു. യുഎസിൽ പ്രവർത്തനം തുടരുന്നതിനുള്ള കരാറിലെത്താൻ ഈ ആഴ്ചവരെ ടിക് ടോക്കിന് ഇളവുണ്ട്. അതേസമയം, ടിക്‌ടോക്കിന് കരാർ പുതുക്കാനുള്ള സമയം സെപ്റ്റംബർ 17‑ന് അവസാനിക്കുമെങ്കിലും മാഡ്രിഡിലെ ചർച്ചകളെ തുടർന്ന് അത് നീട്ടാനുള്ള തീരുമാനം ട്രംപ് ഗവൺമെന്റ് എടുത്തതായി റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

അമേരിക്കയിലുള്ള 17 കോടി പേരെങ്കിലും നേരത്തേ ടിക്‌ടോക് ഉപയോഗിച്ചിരുന്നതായാണ് കണക്ക്. ഒക്ടോബറോടെ ട്രംപും ഷിയും തമ്മിൽ നടക്കാനിടയുള്ള കൂടിക്കാഴ്ചയ്ക്ക് മാഡ്രിഡിലെ ഉദ്യോഗസ്ഥ തലത്തിലെ ചർച്ച വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ടിലുണ്ട്. ഒക്ടോബറിൽതന്നെ ദക്ഷിണ കൊറിയയിൽ നടക്കുന്ന അപെക് ഉച്ചകോടിയിൽ ഇരു നേതാക്കളും പങ്കെടുക്കുന്നുമുണ്ട്. അതേസമയം, തങ്ങളുടെ പ്രതിനിധി സംഘം സെപ്റ്റംബർ 14 മുതൽ 17 വരെ സ്‌പെയിനിലുണ്ടാകുമെന്ന് ചൈനയുടെ വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

ബെസെന്റിന്റെ സംഘം 12 മുതൽ 18 വരെ സ്‌പെയിനിലും യുകെയിലുമായി ഉണ്ടാവും. ട്രംപും ഈ ആഴ്ച യുകെ സന്ദർശിക്കുന്നുണ്ട്. ഞായറാഴ്ച ഇരുവിഭാഗങ്ങളും തമ്മിലുള്ള ചർച്ച ആരംഭിക്കുന്നതിന് മുമ്പ്, അമേരിക്കൻ നിർമ്മിത ചില അനലോഗ് ഐസി ചിപ്പുകളുമായി ബന്ധപ്പെട്ട് ചൈന അന്വേഷണങ്ങൾ ആരംഭിച്ചിരുന്നു. അതേസമയം, യുഎസിന്റെ ദേശീയ സുരക്ഷയ്ക്കോ വിദേശനയ താൽപ്പര്യങ്ങൾക്കോ വിരുദ്ധമായി പ്രവർത്തിക്കുന്നുവെഎന്ന് കരുതുന്ന 23 ചൈനീസ് കമ്പനികളെ കൂടി യുഎസ് കരിമ്പട്ടികയിൽ ചേർത്തതിനു തൊട്ടുപിന്നാലെയാണ് ഈ അന്വേഷണങ്ങൾ. 

Exit mobile version