Site icon Janayugom Online

ഇന്ത്യന്‍ മരുന്ന് ഉപയോഗിച്ചതിനെത്തുടര്‍ന്ന് യുഎസില്‍ ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് കാഴ്ച നഷ്ടമായി

eye drops

ചെന്നൈയിലെ ഫാക്ടറിയില്‍ റെയ്ഡ് ; ലൈസന്‍സ് റദ്ദാക്കി

ചുമമരുന്നിനു പിന്നാലെ കണ്ണിലൊഴിക്കുന്ന ഇന്ത്യന്‍ നിര്‍മിത തുള്ളിമരുന്നും നിലവാരമില്ലാത്തതും അപകടകാരിയുമെന്ന് പരാതി. യുഎസില്‍ മരുന്ന് ഉപയോഗിച്ചതിനെത്തുടര്‍ന്ന് ഒരാള്‍ മരിക്കുകയും ഒരാള്‍ക്കു കാഴ്ച നഷ്ടപ്പെടുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. പരാതിയെ തുടര്‍ന്ന് ചെന്നൈയിലുള്ള ‘ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത് കെയര്‍’ എന്ന മരുന്നുനിര്‍മാണ കമ്പനിയില്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും തമിഴ്‌നാട് ഡ്രഗ് കണ്‍ട്രോളറും റെയ്ഡ് നടത്തി. പരിശോധനയ്ക്ക് പിന്നാലെ ഗ്ലോബല്‍ ഫാര്‍മയുടെ ലൈസന്‍സ് റദ്ദാക്കി.

ഗ്ലോബല്‍ ഫാര്‍മയുടെ ‘എസ്രികെയര്‍ ആര്‍ട്ടിഫിഷ്യല്‍ ടിയേഴ്‌സ് ലൂബ്രിക്കന്റ് ഐ ഡ്രോപ്‌സ്’ ഉപയോഗിച്ചതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചുവെന്നാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കാഴ്ച നഷ്ടപ്പെടല്‍ ഉള്‍പ്പെടെ 55ഓളം സംഭവങ്ങളുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ണുകളിലെ വരള്‍ച്ച തടയുന്നതിനായുള്ള കൃത്രിമ കണ്ണീര്‍ ആയി ഉപയോഗിക്കുന്ന മരുന്നാണിത്.

വിവാദ തുള്ളിമരുന്ന് ഗ്ലോബല്‍ ഫാര്‍മ അമേരിക്കന്‍ വിപണിയില്‍നിന്ന് പിന്‍വലിച്ചിട്ടുണ്ട്. കമ്പനിയില്‍ ഇന്നലെ രാത്രി നടന്ന പരിശോധനയില്‍ യുഎസിലേക്ക് അയച്ച തുള്ളിമരുന്നുകളുടെ സാമ്പിളുകള്‍ ശേഖരിച്ചതായി തമിഴ്‌നാട് ഡ്രഗ് വകുപ്പ് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ സര്‍ക്കാരിന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ഉല്പന്നങ്ങൾ നിർമ്മിക്കാനും കയറ്റി അയക്കാനും പ്ലാന്റിന് ലൈസൻസ് ഉണ്ടെന്ന് ഉറപ്പിച്ചിട്ടുണ്ടെന്നും യുഎസിൽ നിന്ന് പരിശോധനാഫലം വന്ന ശേഷമായിരിക്കും അന്വേഷണം തുടരുകയെന്നും അധികൃതര്‍ പറഞ്ഞു. യുഎസ് അധികൃതരുമായി സഹകരിക്കുന്നുണ്ടെന്ന് ഗ്ലോബൽ ഫാർമ ഹെൽത്ത് കെയർ അറിയിച്ചു.

Eng­lish Sum­ma­ry: One dies in US after using Indi­an med­i­cine; One lost his sight

You may also like this video

Exit mobile version