Site iconSite icon Janayugom Online

ചെെനയുടെ ‘ഭൂകമ്പം’ ആണവ പരീക്ഷണമായിരുന്നെന്ന് യുഎസ്

2020 ജൂണില്‍ ചെെനയിലുണ്ടായ ഭൂകമ്പം യഥാർത്ഥത്തിൽ രഹസ്യ ആണവ പരീക്ഷണമായിരുന്നുവെന്ന ആരോപണവുമായി യുഎസ്. കസാക്കിസ്ഥാനിലെ സീസ്മിക് സ്റ്റേഷൻ രേഖപ്പെടുത്തിയ 2.75 തീവ്രതയുള്ള പ്രകമ്പനം സ്വാഭാവികമായ ഭൂകമ്പമോ ഖനന പ്രവർത്തനങ്ങളോ മൂലം ഉണ്ടായതല്ലെന്നും, മറിച്ച് ഒരു സ്ഫോടനമാണെന്നും അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ക്രിസ്റ്റഫർ യോ അവകാശപ്പെട്ടു. സ്ഫോടനത്തിന്റെ ആഘാതം പുറത്തറിയാതിരിക്കാൻ ‘ഡീകപ്ലിങ്‘എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് വലിയ ഭൂഗർഭ അറകളിൽ വെച്ചാണ് പരീക്ഷണം നടത്തിയതെന്നും യുഎസ് ആരോപിക്കുന്നു. ഇന്ത്യ‑ചൈന അതിർത്തിയിലെ ഗൽവാൻ താ‍‍ഴ്‍വരയിലുണ്ടായ സംഘർഷത്തിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ പരീക്ഷണം നടന്നതെന്നാണ് യുഎസിന്റെ വാദം.

അതേസമയം, ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്നും സ്വന്തം ആണവ പരീക്ഷണങ്ങൾ പുനരാരംഭിക്കാൻ അമേരിക്ക കണ്ടെത്തുന്ന ഒഴികഴിവുകൾ മാത്രമാണിതെന്നും ചൈന പ്രതികരിച്ചു. ചൈന 2020ൽ രഹസ്യ ആണവ പരീക്ഷണം നടത്തിയെന്ന അമേരിക്കയുടെ ആരോപണം റഷ്യയും തള്ളി. റഷ്യയോ ചൈനയോ ഒരുവിധത്തിലുള്ള ആണവ പരീക്ഷണങ്ങളും നടത്തിയിട്ടില്ലെന്നും അമേരിക്കൻ ആരോപണങ്ങൾ തെറ്റാണെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി. 

യുഎസ് നല്‍കിയ വിവരങ്ങൾ സ്ഫോടനം സ്ഥിരീകരിക്കാൻ പര്യാപ്തമല്ലെന്ന് സമഗ്ര ആണവ പരീക്ഷണ നിരോധന ഉടമ്പടി സംഘടന (സിടിബിടിഒ) പറഞ്ഞു. കസാക്കിസ്ഥാനിലെ മക്കാൻചിയിൽ സ്ഥിതി ചെയ്യുന്ന പിഎസ്23 പ്രൈമറി സീസ്മിക് സ്റ്റേഷനാണ്. ഇത് സമഗ്ര പരീക്ഷണ നിരോധന ഉടമ്പടി സംഘടന വികസിപ്പിച്ചെടുത്ത അന്താരാഷ്ട്ര നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമാണ്. ആണവ സ്ഫോടനങ്ങൾ നടക്കുമ്പോൾ ഭൂമിക്കടിയിലൂടെ ഉണ്ടാകുന്ന പ്രകമ്പനങ്ങൾ തത്സമയം കണ്ടെത്തുക എന്നതാണ് ഈ സ്റ്റേഷന്റെ പ്രധാന ചുമതല. 1996ൽ സിടിബിടിഒ കരാർ നിലവിൽ വന്നപ്പോൾ തന്നെ അമേരിക്കയും ചൈനയും അതിൽ ഒപ്പുവച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും കരാറിൽ ഒപ്പിട്ടെങ്കിലും, നിയമനിർമ്മാണ സഭകള്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. 

Exit mobile version