Site iconSite icon Janayugom Online

ഫെഡറല്‍ ജീവനക്കാരുടെ പിരിച്ചുവിടല്‍ തടഞ്ഞ് യുഎസ് കോടതി

സര്‍ക്കാര്‍ അടച്ചുപൂട്ടലിനെ തുടര്‍ന്നുള്ള ഫെഡറല്‍ ജീവനക്കാരുടെ പിരിച്ചുവിടല്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ യുഎസ് കോടതിയുടെ ഉത്തരവ്. പിരിച്ചുവിടലുകൾ നിയമവിരുദ്ധമാണെന്ന് ആരോപിച്ച് തൊഴിലാളി യൂണിയനുകൾ സമർപ്പിച്ച കേസിലാണ് സാൻ ഫ്രാൻസിസ്കോ ജില്ലാ ജഡ്ജി സൂസൻ ഇൽസ്റ്റണിന്റെ ഉത്തരവ്. സർക്കാർ ചെലവുകളിലും പ്രവർത്തനങ്ങളിലും ഉണ്ടായ വീഴ്ച മുതലെടുത്ത്, നിയമങ്ങൾ ഇനി അവർക്ക് ബാധകമല്ലെന്നുമുള്ള നിലപാടാണ് ഓഫിസ് ഓഫ് മാനേജ്‌മെന്റ് ആന്റ് ബജറ്റിനും പേഴ്‌സണൽ മാനേജ്‌മെന്റ് ഓഫിസിനുമുള്ളതെന്ന് വാദം കേള്‍ക്കലിനിടെ ജഡ്ജി ചൂണ്ടിക്കാട്ടി. 

അടച്ചുപൂട്ടല്‍ സമയത്ത് 10,000 ഫെഡറൽ ജീവനക്കാരെയെങ്കിലും പിരിച്ചുവിടുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചുപൂട്ടല്‍ മൂന്നാം ആഴ്ചയിലേക്ക് കടന്നു. ചെലവുകളെച്ചൊല്ലിയുള്ള തർക്കത്തിൽ കോൺഗ്രസ് സ്തംഭിക്കുകയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തൊഴിലാളികള്‍ക്കെതിരായ നടപടി തുടരുകയും ചെയ്യുകയാണ്. സർക്കാരിന് ധനസഹായം നൽകുന്നതിനായി ഹൗസ് പാസാക്കിയ പ്രമേയത്തെ പിന്തുണയ്ക്കാൻ ഡെമോക്രാറ്റുകൾ തുടർച്ചയായി വിസമ്മതിക്കുന്നത് ഡൊമോക്രാറ്റ് അനുകൂലികളായ, തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള കൂട്ട പിരിച്ചുവിടലിന് കാരണമാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Exit mobile version