Site icon Janayugom Online

ഇറാഖില്‍ അമേരിക്കയുടെ ഡ്രോൺ ആക്രമണം

ഇറാഖ് തലസ്ഥാനമായ ബാഗ‍്‍ദാദിൽ അമേരിക്കന്‍ ഡ്രോൺ ആക്രമണം. കിഴക്കൻ ബാഗ്‍ദാദിലെ മാഷ്തൽ മേഖലയിലാണ് സ്ഫോടനം ഉണ്ടായത്. ആക്രമണത്തിൽ കതൈബ് ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി അമേരിക്കൻ സൈ­ന്യം അറിയിച്ചു. ജോർദാനിൽ അമേരിക്കൻ താവളത്തിന് നേരെ നടന്ന ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനാണ് കൊല്ലപ്പെട്ട വ്യക്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണ പൗരന്മാർക്ക് ജീവഹാനി സംഭവിക്കുകയോ പ­രിക്കേൽക്കുകയോ ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിന് തൊട്ടുപിന്നാലെ യുഎസ് എംബസി അടക്കമുള്ള മേഖലയിൽ ഇറാഖ് സൈന്യം സുരക്ഷ വർധിപ്പിച്ചു. ഇറാനി ഖുദ്സ് സേന നേതാവ് ഖാസിം സൊലൈമാനിയെ കൊലപ്പെടുത്തിയ 2020 ലെ ആക്രമണത്തിന് സമാനമായിരുന്നു കഴിഞ്ഞ ദിവസം നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പേ­ാര്‍ട്ട് ചെയ്യുന്നു.

ജോർദാനിലെ ആക്രമണത്തിന് ശേഷം ഇറാഖ് സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാൻ അമേരിക്കൻ സൈനികർക്കെതിരായ ആക്രമണം താല്‍ക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് കതൈബ് ഹിസ്ബുള്ള പ്ര­സ്താവന ഇറക്കിയിരുന്നു. അതേസമയം മറ്റ് സംഘങ്ങൾ ആക്രമണം തുടരുമെന്ന് അറിയിച്ചിരുന്നു.
ഇറാഖിലെയും സിറിയയിലെയും വിവിധ ഇടങ്ങളിൽ ഇറാനിയൻ ബന്ധമുള്ള തീവ്രവാദ സംഘങ്ങൾക്കെതിരെ ആക്രമണം നടത്തിയതിനു പിന്നാലെയാണ് യുഎസിന്റെ പുതിയ നടപടി. ജോർദാനിൽ അമേരിക്കൻ താവളത്തിന് നേരെ നടന്ന ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നിൽ ഇറാൻ പിന്തുണയുള്ള തീവ്ര സംഘങ്ങൾ ആണെന്നാണ് അമേരിക്ക ആരോപിക്കുന്നത്. 

ജോർദാൻ ആക്രമണത്തിന് ഉത്തരവാദികളായവർക്കെതിരെ തിരിച്ചടി തുടരുമെന്ന് കഴിഞ്ഞ ആക്രമണത്തിന് ശേഷം പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയിരുന്നു. പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങൾക്കിടയിലെ അമേരിക്കന്‍ നടപടി കൂടുതല്‍ പ്രകോപനങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. ഇറാഖും അമേരിക്കയും തമ്മിലുള്ള ബന്ധത്തിലെ വിള്ളലുകൾ വർധിക്കാന്‍ സാധ്യതയുണ്ടെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇസ്രയേൽ‑ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാഖിലെയും സിറിയയിലെയും യുഎസ് സൈനിക താവളങ്ങളിൽ ആക്രമണം വർധിച്ചിരുന്നു. ഏകദേശം നൂറ്റിയെഴുപതോളം ആക്രമണങ്ങളാണ് ഒക്ടോബർ 18ന് ശേഷം യുഎസ് കേന്ദ്രങ്ങളിൽ നടന്നത്.

Eng­lish Summary:US drone strike in Iraq

You may also like this video

Exit mobile version