ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി മോഡി സര്‍ക്കാര്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചാല്‍ ഇന്ത്യയ്ക്ക് ഒരു വര്‍ഷം 900 മുതല്‍ 1,100 കോടി രൂപ വരെ അധികച്ചെലവുണ്ടാകുമെന്ന് വിലയിരുത്തല്‍. നിലവില്‍ റഷ്യയില്‍ നിന്ന് അന്താരാഷ്ട്ര വിപണിയിലേതിനെക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഇന്ത്യ എണ്ണ വാങ്ങുന്നത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഉപഭോക്താവും ഇറക്കുമതിക്കാരുമാണ് ഇന്ത്യ. 2022‑ല്‍ റഷ്യ‑ഉക്രെയ്ന്‍ യുദ്ധം തുടങ്ങിയതോടെ പാശ്ചാത്യരാജ്യങ്ങള്‍ റഷ്യയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തി. ഇതോടെയാണ് ഇന്ത്യ വിലക്കിഴിവില്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ ആരംഭിച്ചത്. യുദ്ധത്തിന് മുമ്പ് ഇന്ത്യന്‍ ഇറക്കുമതിയുടെ 0.2 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു റഷ്യന്‍ എണ്ണ, നിലവിലത് ക്രൂഡ് ഓയില്‍ ഉപഭോഗത്തിന്റെ 35–40 ശതമാനമാണ്. ഇത് മൊത്തത്തിലുള്ള ഊര്‍ജ ഇറക്കുമതി ചെലവുകള്‍ കുറയ്ക്കുന്നതിനും ചില്ലറ ഇന്ധനവില നിയന്ത്രണത്തിലാക്കുന്നതിനും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും സഹായകമാണ്. ട്രംപിന്റെ റഷ്യാ വിരോധം ഇതെല്ലാം അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.
വിലക്കുറവില്‍ ക്രൂഡ് ഓയില്‍ ലഭിച്ചതോടെ എണ്ണ ശുദ്ധീകരിക്കാനും പെട്രോളിയം ഉല്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനും ഇന്ത്യയെ പ്രാപ്തമാക്കി. റഷ്യയില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലടക്കം ഇന്ത്യ കയറ്റുമതി ആരംഭിച്ചു. ഇത് രാജ്യത്തെ എണ്ണക്കമ്പനികള്‍ക്ക് റെക്കോഡ് ലാഭം നല്‍കി കൊണ്ടിരിക്കുകയാണ്. ഇത് യുഎസ് കമ്പനികളെയും ട്രംപ് ഭരണകൂടത്തെയും വല്ലാതെ അസ്വസ്ഥമാക്കുന്നു. അതുകൊണ്ട് എങ്ങനെയും സമ്മര്‍ദത്തിലാക്കി വിലപേശുന്നതിനാണ് ഇന്ത്യന്‍ ഉല്പന്നങ്ങള്‍ക്ക് 25% തീരുവയും റഷ്യന്‍ എണ്ണയും ആയുധങ്ങളും വാങ്ങുന്നതിന് പിഴയും പ്രഖ്യാപിച്ചത്. റഷ്യന്‍ അസംസ്കൃത എണ്ണയില്‍ നിന്ന് ശുദ്ധീകരിച്ച ഉല്പന്നങ്ങളുടെ ഇറക്കുമതി യൂറോപ്യന്‍ യൂണിയന്‍ നിരോധിച്ചത് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ക്ക് തിരിച്ചടിയായതിന് പിന്നാലെയുള്ള അമേരിക്കയുടെ ഭീഷണി ഇരട്ടി പ്രഹരമായി.
യുഎസ് താരിഫ് ഭീഷണി ഇന്ത്യയുടെ റഷ്യന്‍ എണ്ണ വ്യാപാരത്തിന് അടിത്തറയിടുന്ന ഷിപ്പിങ്ങ്, ഇന്‍ഷുറന്‍സ്, ധനസഹായം എന്നിവയെ നേരിട്ട് ബാധിക്കുന്നതിന് സാധ്യത ഉയര്‍ത്തുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 13,700 കോടിയുടെ ക്രൂഡ് ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.
അതേസമയം യുഎസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ ഇന്ത്യയുടെ യുഎസ് അസംസ്കൃത എണ്ണ ഇറക്കുമതി വർധിച്ചതായാണ് കണക്കുകള്‍. മുന്‍ വർഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഇതുവരെ ഇന്ത്യയുടെ യുഎസ് ക്രൂഡ് ഓയിൽ ഇറക്കുമതി 51 ശതമാനം വർധിച്ചിട്ടുണ്ട്. ഏപ്രിൽ‑ജൂൺ പാദത്തിൽ 2024നെ അപേക്ഷിച്ച് 114% വർധനവും ഉണ്ടായി. 2024–25 ആദ്യ പാദത്തിലെ 1.73 ബില്യൺ ഡോളറിൽ നിന്ന് 2025–26ലേക്ക് വരുമ്പോൾ ഇത് 3.7 ബില്യൺ ഡോളറായി. അസംസ്കൃത എണ്ണയ്ക്ക് പുറമേ പെട്രോളിയം (എല്‍പിജി), പ്രകൃതിവാതകം (എല്‍എന്‍ജി) എന്നിവയുടെ ഇറക്കുമതിയും വർധിച്ചിട്ടുണ്ട്. ട്രംപിന്റെ പ്രതികാരചുങ്കത്തിനെതിരെ ഇന്ത്യ സംയമനം പാലിക്കുകയാണ്. ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താന്‍ ശ്രമം നടത്തുന്നുമുണ്ട്.

