Site iconSite icon Janayugom Online

പശ്ചിമേഷ്യയില്‍ യുഎസിന് റഡാറില്ല; തകർന്നത് കോടികളുടെ പ്രതിരോധ കവചം

പശ്ചിമേഷ്യന്‍ യുദ്ധം ഒരാഴ്ച പിന്നിടുമ്പോള്‍ ഇറാന്റെ ആക്രമണത്തിൽ യുഎസിന്റെ നിർണായക റഡാർ സംവിധാനങ്ങള്‍ തകര്‍ന്നു. ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതും 300 ദശലക്ഷം ഡോളർ വിലമതിക്കുന്നതുമായ രണ്ട് താഡ് മിസൈൽ പ്രതിരോധ സംവിധാനം നിശ്ചലമായി. യുഎഇയിലെ അൽ റുവൈസ് സൈനിക താവളത്തിന് നേരെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് നടത്തിയ കൃത്യതയാർന്ന മിസൈൽ ആക്രമണം യുഎസിന് കനത്ത തിരിച്ചടിയായി. നേരത്തെ ജോർദാനിലെ മുവാഫാഖ് സാൾട്ടി വ്യോമത്താവളത്തിലും സമാന രീതിയിൽ റഡാർ നശിപ്പിക്കപ്പെട്ടതായി ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഖത്തറിലെ ഉം ദഹാലിലുള്ള യുഎസ് നിർമ്മിത ‘ഏർലി വാണിങ്’ റഡാർ സംവിധാനത്തിനും കേടുപാടുകൾ സംഭവിച്ചതായി വിവരങ്ങളുണ്ട്. അതേസമയം നിർണായക പ്രതിരോധ സംവിധാനങ്ങൾക്കുണ്ടായ തകർച്ചയെക്കുറിച്ച് പ്രതികരിക്കാൻ യുഎസ് പ്രതിരോധ മന്ത്രാലയം തയ്യാറായിട്ടില്ല. 

ബാലിസ്റ്റിക് മിസൈലുകളെ ദീർഘദൂരത്തിൽ വച്ചുതന്നെ നശിപ്പിക്കാൻ ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് (താഡ്) യൂണിറ്റുകൾ സഹായിക്കുന്നു. ദക്ഷിണ കൊറിയയിലും ഗുവാമിലും ഉൾപ്പെടെ ലോകമെമ്പാടും അമേരിക്കയ്ക്ക് ആകെ എട്ട് താഡ് യൂണിറ്റുകൾ മാത്രമാണുള്ളത്. ഇതിൽ പശ്ചിമേഷ്യയിൽ വിന്യസിച്ചിരുന്ന നാലില്‍ രണ്ട് യൂണിറ്റുകള്‍ പ്രവർത്തനരഹിതമായി. ഓരോ താഡ് ബാറ്ററിക്കും ഏകദേശം ഒരു ബില്യൺ ഡോളർ ചെലവുണ്ട്. ഇതിൽ ഏകദേശം 300 മില്യൺ ഡോളർ റായ്തെയോണ്‍ കമ്പനി നിര്‍മ്മിക്കുന്ന റഡാറിന് വേണ്ടി മാത്രമാണ്. ഒരു താഡ് ബാറ്ററിയിൽ 90 സൈനികർ, ആറ് ട്രക്ക് ഘടിപ്പിച്ച ലോഞ്ചറുകൾ, 408 ഇന്റർസെപ്റ്ററുകൾ (ഓരോ ലോഞ്ചറിനും 8) ഒരു എഎന്‍/ടിപിവൈ-2 റഡാർ, അതുപോലെ ഒരു ടാക്റ്റിക്കൽ ഫയർ കൺട്രോൾ ആന്റ് കമ്മ്യൂണിക്കേഷൻ യൂണിറ്റ് എന്നിവ ഉൾപ്പെടുന്നു. ലോക്ക്ഹീഡ് മാർട്ടിൻ കോർപറേഷൻ നിർമ്മിക്കുന്ന ഓരോ ഇന്റർസെപ്റ്റർ മിസൈലിനും ഏകദേശം 13 മില്യൺ ഡോളറാണ് ചെലവ്. റഡാർ സംവിധാനം തകര്‍ന്നതോടെ മിസൈലുകളെ കണ്ടെത്താനും തടയാനുമുള്ള ശേഷി പൂർണമായും നഷ്ടമാകും. 

പശ്ചിമേഷ്യയില്‍ യുഎഇയില്‍ രണ്ട്, ഇസ്രയേലില്‍ രണ്ട്, സൗദി, ജോര്‍ദാന്‍ എന്നിങ്ങനെയാണ് താഡ് പ്രതിരോധത്തിന്റെ വിന്യാസം. എണ്ണപ്പാടങ്ങൾക്കും സൈനിക താവളങ്ങൾക്കും സുരക്ഷയൊരുക്കുന്ന റഡാർ കണ്ണുകൾ നഷ്ടപ്പെട്ടത് വരും ദിവസങ്ങളിൽ ഇറാന്റെ ഭാഗത്തുനിന്നുള്ള കൂടുതൽ ആക്രമണങ്ങൾക്ക് വഴിയൊരുക്കിയേക്കും. അതേസമയം യുഎസിനും ഇസ്രയേലിനും മറ്റ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും റഡാറുകളുമുണ്ട്. താഡ് റഡാറുകൾ പ്രവർത്തനരഹിതമായതോടെ, പ്രതിരോധ ചുമതല പാട്രിയറ്റ് മിസൈൽ സംവിധാനങ്ങളിലേക്ക് മാറിയിരിക്കുകയാണ്. എന്നാൽ പാട്രിയറ്റ് മിസൈലുകളുടെ സ്റ്റോക്ക് പരിമിതമാണെന്നത് അമേരിക്കയെയും സഖ്യകക്ഷികളെയും ആശങ്കയിലാക്കുന്നു. 

Exit mobile version