പാകിസ്ഥാന്‍,ബംഗ്ലാദേശ്,റഷ്യ തുടങ്ങിയ 75 രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്ക് കുടിയേറ്റ വിസ നല്‍കുന്നത് അമേരിക്ക അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു. ജനുവരി 21 മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ അറിയിപ്പ്, ആഫ്രിക്ക, ഏഷ്യ, തെക്കേ അമേരിക്ക, കിഴക്കന്‍ യൂറോപ്പ്, പശ്ചിമേഷ്യ തുടങ്ങിയ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് അമേരിക്കയുടെ നടപടി .
പാകിസ്ഥാന്‍, ബംഗ്ലാദേശ്, സൊമാലിയ, റഷ്യ, ഇറാൻ, അഫ്ഗാനിസ്ഥാന്‍ , ബ്രസീൽ, നൈജീരിയ, തായ്‌ലാൻഡ് തുടങ്ങിയ 75 രാജ്യങ്ങളിലുള്ളവരെയാണ് യുഎസിന്റെ പുതിയ തീരുമാനം ബാധിക്കുക. യുഎസ് വിസ നിയന്ത്രണം ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയില്ല. അതേസമയം, ഈ 75 രാജ്യങ്ങളിൽനിന്ന് യുഎസിൽ സ്ഥിരമായി താമസിക്കാനും ജോലിചെയ്യാനുമായി വരുന്നവർക്ക് മാത്രമേ പുതിയ നിയന്ത്രണം ബാധകമാവുകയുള്ളൂ.
ടൂറിസ്റ്റ് വിസ, കുടിയേറ്റ ഇതര വിസകൾ, ബിസിനസ് വിസ, താത്കാലിക ജോലിക്കാർ തുടങ്ങിയവർക്ക് പുതിയ നിയന്ത്രണം ബാധകമാകില്ല. ട്രംപ് ഭരണകൂടം ഏർപ്പെടുത്തുന്ന കുടിയേറ്റ നിയന്ത്രണത്തിന്റെ ഭാഗമായാണ് 75 രാജ്യങ്ങളിൽനിന്നുള്ളവർക്ക് കുടിയേറ്റ വിസ നൽകുന്നത് നിർത്തിവെക്കുന്നത്. അമേരിക്കൻ ജനതയുടെ സമ്പത്ത് കവർന്നെടുക്കുന്നവർ, അമേരിക്കയുടെ കുടിയേറ്റ സംവിധാനം ദുരുപയോഗം ചെയ്യുന്നത് ട്രംപ് ഭരണകൂടം അവസാനിപ്പിക്കുകയാണെന്നായിരുന്നു പുതിയ തീരുമാനത്തെക്കുറിച്ച് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ടിന്റെ പ്രതികരണം.

