Site icon Janayugom Online

യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്; ഇന്ത്യ‑ചൈന സായുധ സംഘര്‍ഷത്തിന് സാധ്യത

ഇന്ത്യ- ചൈന ആയുധ സംഘര്‍ഷത്തിന് സാധ്യതയെന്ന് അമേരിക്കന്‍ രഹസ്യന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്. അതിര്‍ത്തിയിലെ അധിക സൈനിക വിന്യാസവും സംഘര്‍ഷവും ഇരുരാജ്യങ്ങളും തമ്മിലുള്ള ആയുധ സംഘര്‍ഷത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ടെന്നും ഈമാസം 11ന് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീണത് അതിര്‍ത്തി സംഘര്‍ഷം കാരണമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ലഡാക്ക് അടക്കമുള്ള തന്ത്രപ്രധാന അതിര്‍ത്തി മേഖലയില്‍ ഇരു രാജ്യങ്ങളിലെയും സൈനികര്‍ തമ്മിലുണ്ടാകുന്ന നിരന്തര സംഘര്‍ഷം ഭാവിയില്‍ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്ന നിലയിലേക്ക് വളരും. 2020 മുതല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമാണ്. 

2020 മേയ് മാസം യഥര്‍ത്ഥ നിയന്ത്രണ രേഖയിലെ ലഡാക്ക് സെക്ടറില്‍ ഇരു സൈനികരും ഏറ്റുമുട്ടിയത് മുതല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ കാര്യമായ വിള്ളലാണ് ഉണ്ടായത്. അതിര്‍ത്തി കടന്നുള്ള ചൈനീസ് സൈനികരുടെ അനധികൃത നിര്‍മ്മാണം മേഖലയെ സംഘര്‍ഷഭരിതമാക്കുന്നുണ്ട്. ഇരുരാജ്യങ്ങളും 50,000 ഓളം സൈനികരെയാണ് അതിര്‍ത്തി മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്. അടുത്തിടെയാണ് ഇന്ത്യ അതിര്‍ത്തിയില്‍ അധിക സൈനിക വിന്യാസം വര്‍ധിപ്പിച്ചത്. ലഡാക്കിലെ ഏകദേശം 1,000 ചതുരശ്രമൈല്‍ പ്രദേശം ചൈന കയ്യേറിയതായി കേന്ദ്ര സര്‍ക്കാരിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു. 

ഏതാനും മാസം മുമ്പ് അരുണാചല്‍ പ്രദേശിലെ ചില ഭാഗങ്ങളില്‍ ചൈന പരസ്യമായി അവകാശ വാദം ഉയര്‍ത്തിയതും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പാകിസ്ഥാനുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാനുള്ള ചൈനീസ് നീക്കത്തെ ഇന്ത്യ സൂക്ഷ്മതയോടെയാണ് വീക്ഷിക്കുന്നതെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 

Eng­lish Summary:US intel­li­gence report; India-Chi­na armed con­flict likely
You may also like this video

Exit mobile version