Site iconSite icon Janayugom Online

യുഎസിന്റെ കടന്നാക്രമണം; പ്രത്യാഘാതം ഗുരുതരം

ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ബോംബാക്രമണത്തിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരം. ഒരു ലോകയുദ്ധമെന്ന ആശങ്കയിലേക്ക് വഴിതുറക്കാന്‍ യുഎസിന്റെ കടന്നാക്രമണത്തിന് കഴിയും. എന്നാീ യുഎസിന്റെയും ഇസ്രയേലിന്റെയും പ്രഖ്യാപിത ലക്ഷ്യമായ ഇറാന്റെ ആണവ ശേഷി ഇല്ലാതാക്കുകയെന്ന ലക്ഷ്യം സാധിച്ചതായി ഉറപ്പിക്കാനായിട്ടില്ല. ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തില്‍ അമേരിക്ക കൂടി പങ്കാളിയായതോടെ പശ്ചിമേഷ്യയില്‍ ഇനി എന്ത് സംഭവിക്കും, ആഗോളതലത്തില്‍ എങ്ങനെയൊക്കെ ബാധിക്കും എന്ന് ലോകം ഉറ്റുനോക്കുകയാണ്. മധ്യേഷ്യയിലെ അമേരിക്കന്‍ താവളങ്ങളില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയേക്കാം. മേഖലയിലെ അമേരിക്കന്‍ പൗരന്മാരോ, സൈനിക ഉദ്യോഗസ്ഥരോ തങ്ങളുടെ ലക്ഷ്യമാണെന്ന് ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഇറാന്റെ മിസൈല്‍ പരിധിയില്‍ വിവിധ രാജ്യങ്ങളിലായി 50,000 ത്തിലധികം യുഎസ് സൈനികരുണ്ട്. 

ഇറാന്റെ തിരിച്ചടി മുന്നില്‍ക്കണ്ട് ഇസ്രയേലില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കി. രാജ്യത്തിന്റെ എല്ലാ മേഖലകളും അവശ്യ പ്രവര്‍ത്തനങ്ങളിലേക്ക് മാറാന്‍ തീരുമാനിച്ചതായി ഇസ്രയേല്‍ സൈന്യം പ്രസ്താവനയിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതു-സ്വകാര്യ ചടങ്ങുകള്‍, ജോലിസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തി. അവശ്യ സര്‍വീസുകള്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് നിര്‍ദേശം നല്‍കി. ലെബനന്‍, ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ നിന്ന് ഇസ്രയേലിനെ ആക്രമിക്കാന്‍ ഹിസ്ബുള്ളയെയും കൂട്ടാളികളെയും ഇറാന്‍ സന്നദ്ധരാക്കിയേക്കാം. ഹിസ്ബുള്ള, യമനിലെ ഹൂതികള്‍, ഇറാഖിലെ ഷിയാ പൗരസേന, ഹമാസ് എന്നിവര്‍ ഒരേ അച്ചുതണ്ടായി പ്രവര്‍ത്തിക്കുന്നവരാണ്. ഇസ്രയേലിനും യുഎസിനുമതിരായ ആക്രമണത്തില്‍ ഹിസ്ബുള്ള നേതാവ് ഷെയ്ഖ് നയിം ഖാസിം അടുത്തിടെ ഇറാന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു. 

അതേസമയം ഇറാനും ഇസ്രയേലും സംയമനം പാലിക്കണമെന്ന് ചൈനയും റഷ്യയും ആവശ്യപ്പെട്ടു. എന്നാല്‍ ഇത് തള്ളിക്കളഞ്ഞുകൊണ്ടാണ് ട്രംപിന്റെ തീരുമാനമുണ്ടായത്. സൈനിക ഇടപെടലിനെതിരെ റഷ്യ യുഎസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാനിലെ ബുഷെഹര്‍ ആണവ നിലയത്തിന് നേരെ ഇസ്രയേല്‍ ആക്രമണം നടത്തുന്നത് ചെര്‍ണോബില്‍ ശൈലിയിലുള്ള ദുരന്തത്തിലേക്ക് നയിച്ചേക്കാമെന്ന് റഷ്യന്‍ ആണവോര്‍ജ കോര്‍പറേഷന്‍ മേധാവി ചൂണ്ടിക്കാട്ടിയിരുന്നു. പ്രധാന എണ്ണയുല്പാദക രാജ്യമായ ഇറാനെതിരായ ആക്രമണം മൂലം ആഗോള എണ്ണവില വലിയതോതില്‍ വര്‍ധിച്ചു. പ്രതിദിനം 20 ദശലക്ഷം ബാരല്‍ എണ്ണ കൊണ്ടുപോകുന്ന ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടി ഇറാന്‍ തിരിച്ചടിക്കുമെന്ന് വ്യക്തമാക്കി. ബദല്‍ വിതരണ മാര്‍ഗങ്ങളിലൂടെ ചരക്ക് നീക്കം നടക്കുമെങ്കിലും വര്‍ധിച്ച അപകടസാധ്യതയും ഉയര്‍ന്ന ചെലവുകളും എണ്ണവില കുതിക്കാന്‍ കാരണമാകും. 

Exit mobile version