Site iconSite icon Janayugom Online

സിഎഎയില്‍ ആശങ്കയെന്ന് യുഎസ്; തെറ്റിദ്ധരണമൂലമെന്ന് ഇന്ത്യ

CAACAA

ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തെ(സിഎഎ) ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്ന് യുഎസ്. നിയമം എങ്ങനെ നടപ്പാക്കുമെന്നത് സംബന്ധിച്ച് സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും യുഎസ് വിദേശകാര്യ വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. മതസ്വാതന്ത്ര്യത്തോടുള്ള ബഹുമാനം, എല്ലാ സമുദായങ്ങള്‍ക്കും നിയമത്തിന്റെ കീഴില്‍ തുല്യ പരിഗണന എന്നിവ അടിസ്ഥാന ജനാധിപത്യ തത്വങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സിഎഎ സംബന്ധിച്ച യുഎസിന്റെ പ്രസ്താവനയില്‍ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചു. ഇത് രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണെന്നും അമേരിക്കയുടെ പ്രസ്താവന തെറ്റിദ്ധാരണയുടെ പുറത്തുള്ളതും അനാവശ്യവുമാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. 

പൗരത്വ നിയമ ഭേദഗതി പൗരത്വം നല്‍കാനുള്ളതാണ്, എടുത്തുകളയാനുള്ളതല്ല. രാജ്യങ്ങളില്ലാത്തവരുടെ പ്രശ്നങ്ങള്‍ പരിഗണിക്കുന്നതും മനുഷ്യാവകാശത്തെ പിന്തുണയ്ക്കുന്നതുമാണ് നിയമമെന്നും ജയ്സ്വാള്‍ വക്താവ് പറഞ്ഞു. അതേസമയം രാജ്യത്ത് സിഎഎക്കെതിരെ വന്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്. അസമില്‍ വിവിധ സംഘടനകള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. 

സിഎഎ നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ചയാണ് വിജ്ഞാപനം ചെയ്തത്. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങള്‍ ഒഴികെയുള്ള ആറ് ന്യൂനപക്ഷ മതത്തില്‍ ഉള്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് അതിവേഗത്തില്‍ പൗരത്വം ഉറപ്പാക്കുകയാണ് സിഎഎ ലക്ഷ്യമിടുന്നത്. ആറ് വര്‍ഷമായി ഇന്ത്യയില്‍ കഴിയുന്നവര്‍ക്കും 2014 ഡിസംബര്‍ 31ന് മുമ്പ് രാജ്യത്ത് എത്തിയവര്‍ക്കുമാണ് അവസരം ലഭിക്കുക. 

Eng­lish Sum­ma­ry: US is wor­ried about CAA; India said it was due to a misunderstanding

You may also like this video

Exit mobile version