Site iconSite icon Janayugom Online

യുഎസ് സെെനിക കപ്പല്‍ ഇസ്രയേല്‍ തുറമുഖത്ത്; പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം

പശ്ചിമേഷ്യയില്‍ യുദ്ധഭീതി വര്‍ധിപ്പിച്ച് യുഎസ് സെെനിക കപ്പല്‍ ഇസ്രയേലിലെ എലാത്ത് തുറമുഖത്ത് നങ്കൂരമിട്ടു. യുദ്ധക്കപ്പലിന്റെ വരവ് മുന്‍കൂട്ടി ആസൂത്രണം ചെയ്തതാമെന്നും ഇസ്രയേല്‍, യുഎസ് സെെന്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമാണിതെന്നും വൈനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ആണവ വിഷയത്തില്‍ ഇറാനുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും സൈനിക നടപടി ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചന നല്‍കിയതിനു പിന്നാലെയാണ് വാഷിങ്ടണ്‍ പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ സെെനിക സന്നാഹങ്ങള്‍ വിന്യസിക്കുന്നത്. സുരക്ഷാ കാരണങ്ങളാൽ സൈന്യത്തിന് പ്രവർത്തന വിശദാംശങ്ങൾ ചർച്ച ചെയ്യാൻ കഴിയില്ലെന്നും സൈനികരുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡന്റ് തീരുമാനിക്കുന്ന ഏത് നടപടിയും സ്വീകരിക്കാൻ യുഎസ് സൈന്യം സജ്ജമാണെന്ന് പെന്റഗൺ മേധാവി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കിയിരുന്നു. 

സമയം അതിക്രമിച്ചിരിക്കുകയാണെന്ന് ഇറാന് മുന്നറിയിപ്പ് നൽകിയ ട്രംപ്, ഏതൊരു ആക്രമണവും അക്രമാസക്തവും വെനസ്വേലയിലെ യുഎസ് ഇടപെടലിനേക്കാൾ വളരെ വിശാലവുമായിരിക്കുമെന്നും ഭീഷണി മുഴക്കി. ജനുവരി ആദ്യം വെനസ്വേലയില്‍ നടത്തിയ ഓപ്പറേഷനു സമാനമായ സെെനിക നടപടിക്കും സാധ്യതയുണ്ട്. യുഎസ് ബോംബാക്രമണത്തിൽ ഇതുവരെ ബാധിക്കപ്പെട്ടിട്ടില്ലാത്ത ആണവ പദ്ധതിയുടെ ഭാഗങ്ങൾ നശിപ്പിക്കാനോ ഗുരുതരമായി കേടുവരുത്താനോ യുഎസ് ലക്ഷ്യമിടുന്നു. സർക്കാർ മാറ്റത്തിനുള്ള സാധ്യതയും ട്രംപ് അനുകൂലികള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. സൈനിക, നേതൃത്വ ലക്ഷ്യങ്ങളിൽ തുടർച്ചയായി ആക്രമണം നടത്തുക എന്നതാണ് മറ്റൊരു ഓപ്ഷൻ. ഇത് ഇറാനിയൻ സൈന്യത്തിനോ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കോ പരമോന്നത നേതാവിനെ നീക്കം ചെയ്യാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്ന് ന്യൂയോര്‍ക്ക് ടെെംസ് റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിക്ക് നേരെയുള്ള ആക്രമണമാണ് മറ്റൊരു സാധ്യത. കഴിഞ്ഞ ജൂണിൽ 12 ദിവസത്തെ യുദ്ധത്തിനിടെ ഇസ്രായേൽ നടത്തിയ ആക്രമണത്തിനുശേഷം ഇത് വലിയതോതിൽ പുനർനിർമ്മിക്കപ്പെട്ടിരുന്നു. 

എഫ്എ‑18, എഫ്-35 വിമാനങ്ങൾ, മൂന്ന് മിസൈൽ വേധ കപ്പലുകൾ എന്നിവയുൾപ്പെടെ യുഎസ്എസ് എബ്രഹാം ലിങ്കണിന്റെ നേതൃത്തില്‍ വലിയൊരു സെെനിക സന്നാഹമാണ് പശ്ചിമേഷ്യന്‍ മേഖലയിലുള്ളത്. ഒരു ഡസൻ എഫ്-15ഇ ആക്രമണ വിമാനങ്ങൾ കൂടി ഈ മേഖലയിലേക്ക് അയച്ചിട്ടുണ്ട്. ഇറാന്റെ പ്രതികാര മിസൈൽ ആക്രമണങ്ങളിൽ നിന്ന് യുഎസ് സൈനികരെ സംരക്ഷിക്കുന്നതിനായി കൂടുതൽ പാട്രിയറ്റ്, താഡ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചിട്ടുണ്ട്. ദീർഘദൂര ബോംബറുകൾ പതിവിലും ഉയർന്ന ജാഗ്രതയിലാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പറയുന്നു. അതേസമയം, ഏതൊരു ആക്രമണവും പ്രതിരോധിക്കാന്‍ സജ്ജമാണെന്ന് ഇറാന്‍ വ്യക്തമാക്കി. ജൂണിൽ നടന്ന സംഘര്‍ഷത്തിനു ശേഷം സൈനിക ശക്തിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ ഇറാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. 1000ത്തിലധികം ഡ്രോണുകളാണ് കഴിഞ്ഞ ദിവസം കമ്മിഷന്‍ ചെയ്തത്. അവയിൽ വൺ‑വേ സൂയിസൈഡ് ഡ്രോണുകൾ, കര, വായു, കടൽ എന്നിവയിലെ ലക്ഷ്യങ്ങളിൽ എത്താൻ കഴിയുന്ന കോംബാറ്റ്, രഹസ്യാന്വേഷണ, സൈബർ വാർഫെയർ ശേഷിയുള്ള ഡ്രോണുകളും ഉള്‍പ്പെടുന്നു.

Exit mobile version