Site iconSite icon Janayugom Online

ആയുധപ്പുര തുറന്ന് യുഎസ് ; ജിബിയു-57, ടോമഹോക്ക്, ബി2 സ്പിരിറ്റ് ബോംബര്‍

ഇറാനെ വിറപ്പിക്കാന്‍ അമേരിക്ക ഉപയോഗിച്ചത് ആയുധപ്പുരയിലെ വജ്രായുധങ്ങള്‍. മാരകശേഷിയുള്ള ജിബിയു-57 ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍, ടോമഹോക്ക് ക്രൂയിസ് മിസൈലുകള്‍ തുടങ്ങിയവ ഉപയോഗിച്ചായിരുന്നു അമേരിക്കയുടെ ആക്രമണം. ആറ് ബി-2 സ്പിരിറ്റ് സ്റ്റെല്‍ത്ത് ബോംബറുകള്‍, നേവിയുടെ അന്തര്‍വാഹിനികള്‍, എഫ്-22 റാപ്റ്റര്‍, എഫ്-35എ ലൈറ്റ്നിങ് 2എസ് എന്നിവയും ആക്രമണത്തില്‍ അമേരിക്കയ്ക്ക് കരുത്തേകി. 13,600 കിലോഗ്രാം ഭാരമുള്ളതാണ് ജിബിയു-57 ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍. 20 അടിയാണ് ഇവയുടെ നീളം. മറ്റ് ബോംബുകള്‍ക്ക് എത്താന്‍ കഴിയാത്തത്ര ആഴത്തിലുള്ള ഭൂഗര്‍ഭ ലക്ഷ്യങ്ങളെ നശിപ്പിക്കുന്നതിനാണ് ജെബിയു-57 രൂപകല്പന ചെയ്തിരിക്കുന്നത്. ഏകദേശം 200 അടി (61 മീറ്റര്‍) ഭൂമിക്കടിയില്‍ ആഴത്തില്‍ സ്ഥിതി ചെയ്യുന്ന കട്ടിയുള്ള പാറകളും തുരങ്കങ്ങളും തുളച്ചു കയറാന്‍ ഈ ബങ്കര്‍ ബസ്റ്ററിന് കഴിയും. ഭൂഗര്‍ഭ ബങ്കറുകളും ആണവ നിലയങ്ങളൊക്കെ നശിപ്പിക്കാന്‍ ലക്ഷ്യമിട്ട് നിര്‍മ്മിക്കുന്നതാണ് ഈ ബങ്കര്‍ ബസ്റ്ററുകള്‍.

നൂതന ലേസർ‑ഗൈഡഡ് അല്ലെങ്കിൽ ജിപിഎസ്-ഗൈഡഡ് സാങ്കേതികവിദ്യ പല ബങ്കർ ബസ്റ്ററുകളിലും സജ്ജീകരിച്ചിട്ടുണ്ട്. ഇതുകൊണ്ട് തന്നെ കൃത്യമായി ലക്ഷ്യസ്ഥാനത്ത് എത്തുന്നുണ്ടെന്ന് ഇതിലൂടെ മനസിലാക്കാന്‍ കഴിയും. അതിലൂടെ ആക്രമിക്കേണ്ടത് എവിടെയെന്ന് ഉറപ്പിക്കാനുമാകും. ലക്ഷ്യ സ്ഥാനത്ത് എത്തിയാല്‍ മാത്രമേ ബോംബ് പൊട്ടിത്തെറിക്കുകയുള്ളു. ജിബിയു-57 ബങ്കര്‍ ബസ്റ്റര്‍ വഹിക്കുന്നതിന് യുഎസിന്റെ ബി2 ബോംബര്‍ വിമാനങ്ങള്‍ തന്നെ വേണം. യുഎസിന്റെ ഏറ്റവും ചെലവേറിയ സൈനിക വിമാനങ്ങളാണ് ഇവ. ഏകദേശം 2.1 ബില്യണ്‍ ഡോളറാണ് ഒരു ബി 2 ബോംബറിന്റെ നിര്‍മ്മാണ ചെലവ്. ആറ് ബി 2 സ്പിരിറ്റ് സ്റ്റെല്‍ത്ത് ബോംബേറുകളാണ് ആണവനിലയങ്ങള്‍ ലക്ഷ്യമിട്ടെത്തിയത്. മിസോറിയിലെ വൈ­റ്റ്മാൻ വ്യോമതാവളത്തില്‍ നിന്നും പുറപ്പെട്ട വിമാനങ്ങള്‍ 37 മണിക്കൂര്‍ നിര്‍ത്താതെ പറന്നു. ആകാശത്തു വച്ച് തന്നെ ഇന്ധനം നിറച്ചുകൊണ്ടാണ് ഇറാനിലെത്തി ലക്ഷ്യം പൂര്‍ത്തിയാക്കി മടങ്ങിയത്.
നതാന്‍സിലും ഇസ്ഫഗാനിലും നാശംവിതച്ചത് അന്തര്‍വാഹിനികളില്‍ നിന്നും ഉയര്‍ന്ന ടോമാഹോക്ക് ക്രൂയിസ് മിസൈലുകളായിരുന്നു.

ദീര്‍ഘദൂരം സഞ്ചരിച്ച് ലക്ഷ്യങ്ങളെ നശിപ്പിക്കാന്‍ സാധിക്കുന്നവയാണ് ടോമാഹോക്ക് ക്രൂയിസ് മിസൈലുകള്‍. താഴ്‌ന്ന് പറക്കുന്നതിനാല്‍ ഇതിന് റഡാറുകളുടെ കണ്ണുവെട്ടിക്കാനാകും. 1991ലെ ഓപ്പറേഷന്‍ ഡെ­സേര്‍ട്ട് സ്റ്റോമിലാണ് ടോമാഹോക്ക് ക്രൂയിസ് മിസൈലുകള്‍ ആദ്യമായി ഉപയോഗിച്ചത്. പിന്നീട് ലിബിയയിലെയും സിറിയയിലെയും ഓപ്പറേഷനുകളിലും ഇവ ഉപയോഗിച്ചിരുന്നു. കൂടാതെ ലോകത്തിലെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങളിലൊന്നായി കണക്കാക്കുന്ന എഫ്-22 റാപ്റ്ററും ആക്രമണത്തിന് കരുത്തേകി മുന്‍നിരയില്‍ത്തന്നെയുണ്ടായിരുന്നു. ഇതോടൊപ്പം അഞ്ചാം തലമുറ എഫ് 35 എ ലൈറ്റ്നിങ് വിമാനങ്ങളും. ഏത് കാലാവസ്ഥയിലും ആക്രമണം നടത്താന്‍ സാധിക്കുമെന്നത് ഇവയുടെ പ്രത്യേകതയാണ്. 51 അടി നീളമുള്ള ഇവയ്ക്ക് 8,000 കിലോഗ്രാം പേലോഡ് വഹിക്കാന്‍ സാധിക്കും.

ആദ്യമായി ഖൈബര്‍ ഷെകാന്‍

ഇസ്രയേലിനെതിരെ ആദ്യമായി മള്‍ട്ടി വാര്‍ഹെഡ് ബാലിസ്റ്റിക് മിസൈലായ ഖൈബര്‍ ഷെകാന്‍ ഉപയോഗിച്ച് ഇറാന്‍. ഖര‑ദ്രാവക ഇന്ധനങ്ങളാല്‍ പ്രവര്‍ത്തിക്കുന്ന 40 ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു ഓപ്പറേഷന്‍ ട്രൂ പ്രോമിസ് മൂന്നിന്റെ 20-ാം ഘട്ടത്തിലെ ആക്രമണം. നിരവധി പോര്‍മുനകള്‍ ഉള്ള മൂന്നാം തലമുറ മിസൈലായ ഖൈബര്‍ ഷെകാന്‍ മിസൈല്‍ ആദ്യമായി ഉപയോഗിച്ചെന്നാണ് ഐആര്‍ജിസിയുടെ പ്രസ്താവന. ഇതിനെ സാധൂകരിക്കുന്ന നാശനഷ്ടങ്ങളാണ് ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ ഇന്നലെ ഉണ്ടായത്. മീഡിയം റെയ്ഞ്ച് ബാലിസ്റ്റിക് മിസൈല്‍ (എംആര്‍ബിഎം) ആയ ഖൈബര്‍ ഷെകാന് വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ ശേഷിയുണ്ട്. 1980കളിലെ ഇറാന്‍— ഇറാഖ് യുദ്ധത്തില്‍ കനത്ത പോരാട്ടത്തിന് വേദിയായ ഇറാന്‍ നഗരത്തിന്റെ പേരാണ് മിസൈലിനും നല്‍കിയത്. ഖോറാംഷഹര്‍ 4 എന്നും ഖൈബര്‍ ഷെകാന്‍ അറിയപ്പെടുന്നു.


ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ശേഖരത്തിലെ ഏറ്റവും ഭാരമേറിയ മിസൈല്‍ കൂടിയാണിത്. തന്ത്രപ്രധാനകേന്ദ്രങ്ങളെ ആക്രമിക്കാനാണ് ഖൈബര്‍ ഷെകാന്‍ ഉപയോഗിക്കുക. ഖര ഇന്ധനം ഉപയോഗിക്കുന്ന ഈ മിസൈല്‍ അതിവേഗം ലോഞ്ച് ചെയ്യപ്പെടുകയും സഞ്ചരിക്കുകയും ചെയ്യും. വ്യോമപ്രതിരോധ മിസൈലുകളെ വെട്ടിച്ച് രക്ഷപ്പെടാനും ഇതിന് സാധിക്കും. മിസൈലുകളുടെ കൃത്യത വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യസ്ഥാനങ്ങളില്‍ അവയുടെ ആഘാതം ഉറപ്പാക്കുന്നതിനും നൂതനമായ പല സാങ്കേതികവിദ്യകളും ഉള്‍പ്പെടുത്തിയിട്ടുള്ളതായി ഐആര്‍ജിസി പറഞ്ഞു. 2017ലാണ് ഇറാന്‍ ഖൈബര്‍ ഷെകാന്‍ മിസൈലുകള്‍ അവതരിപ്പിക്കുന്നത്. 2000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഇവയ്ക്ക് 1500 കിലോഗ്രാം വാര്‍ഹെഡുകള്‍ വഹിക്കാന്‍ സാധിക്കും. ഖര ഇന്ധനത്താല്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടുതന്നെ ഇവയ്ക്ക് വളരെ വേഗം ലക്ഷ്യത്തിലെത്താനാകും. അതേസമയം ഇറാന്റെ ആയുധ ശേഖരണത്തിന്റെ പകുതി ഭാഗം പോലും ഇതുവരെ ഉപയോഗിച്ചില്ലെന്നും പ്രത്യാക്രമണം തുടര്‍ന്നുകൊണ്ടിരിക്കുമെന്നും ഐആര്‍ജിസി പറഞ്ഞു.

Exit mobile version