Site iconSite icon Janayugom Online

ഇറാനില്‍ അട്ടിമറിക്കൊരുങ്ങി യുഎസ്; ഭരണമാറ്റ സൂചന നല്‍കി ട്രംപ്

പശ്ചിമേഷ്യയിലേക്ക് രണ്ടാം വിമാനവാഹിനിക്കപ്പല്‍ വിന്യസിച്ചതിനു പിന്നാലെ ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ച് സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനിലെ ഭരണമാറ്റം “സംഭവിക്കാവുന്നതിൽ വച്ച് ഏറ്റവും നല്ല കാര്യമായിരിക്കും” എന്നാണ് ട്രംപിന്റെ പ്രസ്താവന. കഴിഞ്ഞ 47 വർഷമായി ഇറാൻ വെറുതെ സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനിടയില്‍ അമേരിക്കയ്ക്ക് ഒരുപാട് ജീവനുകൾ നഷ്ടപ്പെട്ടതായും ട്രംപ് കുറ്റപ്പെടുത്തി. നിലവിലെ ഭരണകൂടത്തിന് പകരം ആര് വരണമെന്ന് ട്രംപ് വ്യക്തമാക്കിയില്ലെങ്കിലും, അതിനായി കഴിവുള്ള ആളുകൾ ഉണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇറാൻ ആണവായുധങ്ങൾ നേടുന്നത് തടയുകയാണ് പ്രധാന ലക്ഷ്യമെന്നും, ഇറാൻ ജനത ഭരണകൂടത്തെ അട്ടിമറിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് അവരുടെ തീരുമാനമാണെന്നും വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഉൾപ്പെടെയുള്ളവർ മുൻപ് വ്യക്തമാക്കിയിരുന്നു.
ഇറാനുമായുള്ള ആണവ ചർച്ചകൾ അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ യുഎസ് സൈനിക സാന്നിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടാമത്തെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് പശ്ചിമേഷ്യയിലേക്ക് അയയ്ക്കാന്‍ അദ്ദേഹം ഉത്തരവിട്ടിരുന്നു. യുഎസ്-ഇറാൻ ചർച്ചകളിൽ വലിയൊരു പ്രതിസന്ധി സൃഷ്ടിക്കുന്ന പ്രധാന ഘടകം ബാലിസ്റ്റിക് മിസെെലുകളാണ്. വെറുമൊരു ആണവ കരാറിനേക്കാൾ ഉപരി, ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ, മിഡിൽ ഈസ്റ്റിലെ സായുധ ഗ്രൂപ്പുകൾക്കുള്ള പിന്തുണ, രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവ കൂടി ഉൾപ്പെടുത്തിയുള്ള ഒരു സമഗ്രമായ കരാറാണ് യുഎസ് ലക്ഷ്യമിടുന്നത്.
ഇറാന്റെ പ്രാദേശിക സ്വാധീനം കുറയ്ക്കാതെ ഉപരോധങ്ങൾ നീക്കുന്നത് സുരക്ഷിതമല്ലെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. തങ്ങളുടെ ആണവ പദ്ധതികളിൽ നിയന്ത്രണം കൊണ്ടുവരുന്നതിനെക്കുറിച്ച് സംസാരിക്കാൻ തയ്യാറാണെങ്കിലും, ബാലിസ്റ്റിക് മിസൈലുകൾ രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാണെന്നും അത് ചർച്ചയ്ക്കുള്ള വിഷയമല്ലെന്നും ഇറാൻ ആവർത്തിക്കുന്നു. സാമ്പത്തിക ഉപരോധങ്ങൾ നീക്കുക എന്ന പ്രാഥമിക ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി പലതവണ വ്യക്തമാക്കിയിട്ടുണ്ട്.
ആണവ ചർച്ചകൾ പരാജയപ്പെട്ടാൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. തങ്ങളുടെ ഭൂപ്രദേശം ആക്രമിക്കപ്പെട്ടാൽ മിഡിൽ ഈസ്റ്റിലെ എല്ലാ യുഎസ് സൈനിക താവളങ്ങളെയും ലക്ഷ്യമിട്ട് ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സും മറുപടി നല്‍കിയിട്ടുണ്ട്. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള വലിയൊരു പ്രാദേശിക യുദ്ധത്തിലേക്ക് ഇത് നീങ്ങുമോ എന്ന ഭീതിയിലാണ് ലോകം. 

Exit mobile version