Site iconSite icon Janayugom Online

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലാ ഹാരിസിന് പിന്തുണ കുറയുന്നു

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിന് പിന്തുണ കുറയുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ഞായറാഴ്ച പുറത്തുവന്ന മൂന്ന് സർവേകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എൻബിസി ന്യൂസ് സർവേ പ്രകാരം, കമലാ ഹാരിസിന്റെ ദേശീയതലത്തിലെ ലീഡ് വലിയ തോതില്‍ നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ മാസമുണ്ടായിരുന്ന അഞ്ചുപോയിന്റിന്റെ ലീഡ് നഷ്ടപ്പെട്ട് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ട്രംപിനൊപ്പം ആയിരിക്കുകയാണ്. എബിസി ന്യൂസ്/ഇപ്‌സോസ് സർവേയില്‍, കമലയ്ക്ക് 50 ശതമാനത്തിന്റെ പിന്തുണയുണ്ട്. കഴിഞ്ഞമാസം ഇത് 52 ശതമാനമായിരുന്നു. അതേസമയം, ട്രംപ് തന്റെ നില, 46ൽ നിന്ന് 48 ആയി ഉയര്‍ത്തുകയും ചെയ്തു. സിബിഎസ്/ യൂഗോവ് ഫലങ്ങളും സമാന ലീഡാണ് പ്രവചിക്കുന്നത്. കമലാ ഹാരിസിന് കഴിഞ്ഞമാസം വരെ ട്രംപുമായി നാലുപോയിന്റിന്റെ ലീഡ് ഉണ്ടായിരുന്നെങ്കിൽ അതിപ്പോൾ മൂന്നായി കുറഞ്ഞു. 

ഡെമോക്രാറ്റിക്‌ പാർട്ടിയുടെ രണ്ട് പ്രധാന വോട്ടർമാരാണ് ഹിസ്പാനികളും (മധ്യ, തെക്കേ അമേരിക്കയിലെ സ്പാനിഷ് സംസാരിക്കുന്ന രാജ്യങ്ങളിൽനിന്ന് എത്തിയവർ) ആഫ്രിക്കൻ അമേരിക്കക്കാരും. ഇവർക്കിടയിൽ പിന്തുണ വർധിപ്പിക്കാൻ കമലാ ഹാരിസിന് സാധിക്കുന്നില്ലെന്ന ആശങ്ക പാർട്ടിക്കുള്ളിൽ നിലനിൽക്കെയാണ് തെരഞ്ഞെടുപ്പ് സർവേകൾ പുറത്തുവരുന്നത്. സ്ത്രീകൾക്കിടയിൽ കമലാ ഹാരിസിന് ശക്തമായ പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും ആഫ്രിക്കൻ അമേരിക്കൻ, ഹിസ്പാനിക് വിഭാഗങ്ങളിലെ പുരുഷന്മാർക്ക് ഡെമോക്രാറ്റ് സ്ഥാനാർത്ഥിയോട് അനുകൂല നിലപാടില്ലെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. സമീപ വർഷങ്ങളിൽ ഈ വിഭാഗത്തിൽനിന്നുള്ള പിന്തുണ ട്രംപ് വർധിപ്പിക്കുകയും ചെയ്തിരുന്നു. 

കഴിഞ്ഞ ദിവസം പുറത്തിറക്കിയ ന്യൂയോർക്ക് ടൈംസ്/സിയാന കോളജ് സർവേയിൽ, കമലാ ഹാരിസിന് കറുത്തവർഗക്കാർക്കിടയിൽ 78 ശതമാനവും ഹിസ്പാനിക് വോട്ടർമാർക്കിടയിൽ 56 ശതമാനവും പിന്തുണ ഉണ്ടെന്നാണ് കണ്ടെത്തിയത്. ഇത് ഡെമോക്രാറ്റ് സ്ഥാനാർത്ഥികൾക്ക് 2016ലും 2020ലും ലഭിച്ചതിനേക്കാൾ വളരെ കുറവാണ്. 2020ൽ ഡെമോക്രാറ്റ് സ്ഥാനാർത്ഥിയായിരുന്ന ജോ ബൈഡന് കറുത്തവർഗക്കാർക്കിടയിൽ 92 ശതമാനത്തിന്റെയും ഹിസ്പാനിക്കുകൾക്കിടയിൽ 63 ശതമാനത്തിന്റെയും പിന്തുണയായിരുന്നു ലഭിച്ചത്. അതിന്റെ ഭാഗമായാണ്, മുൻ പ്രസിഡന്റ് ബരാക്ക് ഒബാമ അടുത്തിടെ കമലാ ഹാരിസിന് വേണ്ടി കറുത്ത വർഗക്കാരോട് കൂടുതൽ പിന്തുണ ആവശ്യപ്പെട്ടത്. 

Exit mobile version