Site iconSite icon Janayugom Online

കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്ക് അമേരിക്കയുടെ ഉപരോധം; ലഹരിമരുന്ന് ഒഴുക്ക് തടഞ്ഞില്ലെന്ന് ആരോപിച്ച് നടപടി

കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്ക് മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തി. യുഎസിലേക്കുള്ള ലഹരിമരുന്നിന്റെ ഒഴുക്ക് തടയാൻ പെട്രോ വിസമ്മതിച്ചുവെന്ന് ആരോപിച്ചാണ് നടപടി. കൊളംബിയയിലെ കൊക്കെയ്ൻ വ്യവസായത്തെയും ക്രിമിനൽ ഗ്രൂപ്പുകളെയും നിയന്ത്രിക്കുന്നതിൽ പെട്രോ പരാജയമാണെന്നും യുഎസ് ആരോപിച്ചു. “പെട്രോ അധികാരത്തിലെത്തിയ ശേഷം കൊളംബിയയിലെ കൊക്കെയ്ൻ ഉൽപ്പാദനം പതിറ്റാണ്ടുകളിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് കുതിച്ചു. അത് അമേരിക്കയിലേക്ക് ഒഴുകുകയും അമേരിക്കക്കാരെ അരാജകത്വത്തിലേക്ക് നയിക്കുകയും ചെയ്തു,” ട്രെഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പ്രസ്താവനയിലൂടെ അറിയിച്ചു. 

പെട്രോയുടെ വിസ റദ്ദാക്കുമെന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ മുന്നറിയിപ്പ് വന്ന് ഒരു മാസത്തിനകമാണ് ഈ ഉപരോധം ഏർപ്പെടുത്തുന്നത്. എന്നാൽ, പതിറ്റാണ്ടുകളായി ലഹരിക്കെതിരെ താൻ പോരാടുകയാണെന്നും ഉപരോധത്തിനെതിരെ യുഎസ് കോടതിയെ സമീപിക്കുമെന്നും പെട്രോ പറഞ്ഞു. പലസ്തീൻ അനുകൂല പ്രതിഷേധത്തിന് പിന്നാലെയായിരുന്നു പെട്രോയുടെ വിസ റദ്ദാക്കുമെന്ന് ട്രംപ് ഭരണകൂടം അറിയിച്ചത്. അമേരിക്കൻ സൈന്യത്തേക്കാൾ ശക്തമായ സൈനികരെ സംഭാവന ചെയ്യാൻ ലോക രാജ്യങ്ങളോട് ആഹ്വാനം ചെയ്യുന്ന പ്രസംഗത്തിന്റെ വീഡിയോ പെട്രോ കഴിഞ്ഞദിവസം സോഷ്യൽ മീഡിയ ഹാൻഡിലിൽ പങ്കുവെച്ചിരുന്നു. യുഎസ് സൈനികർ തങ്ങളുടെ തോക്കുകൾ മനുഷ്യത്വത്തിന് നേരെ ചൂണ്ടരുതെന്നും, ‘ട്രംപിന്റെ ഉത്തരവ് അനുസരിക്കരുത്, മറിച്ച് മനുഷ്യത്വത്തിന്റെ ഉത്തരവ് അനുസരിക്കൂ’ എന്നും പെട്രോ പറഞ്ഞിരുന്നു.

Exit mobile version