Site iconSite icon Janayugom Online

യുഎസ് ഉപരോധം സമ്പദ് വ്യവസ്ഥയെ ബാധിക്കില്ല: പുടിന്‍

റഷ്യയിലെ പ്രധാന എണ്ണക്കമ്പനികള്‍ക്ക് യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ പ്രതികരിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. ഉപരോധം റഷ്യയുടെ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കില്ലെന്ന് പുടിന്‍ പറഞ്ഞു. തീര്‍ച്ചയായും ഉപരോധം ഗുരുതരമാണ്, പ്രത്യാഘാതങ്ങള്‍ ഉണ്ടാവുകയും ചെയ്യും. എന്നാല്‍ അവ നമ്മുടെ സാമ്പത്തിക ക്ഷേമത്തെ കാര്യമായി ബാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. യുഎസിന്റെ പ്രവൃത്തി സൗഹൃദവിരുദ്ധമാണെന്നും പുടിന്‍ വിമര്‍ശിച്ചു. തര്‍ക്കങ്ങളേക്കാള്‍ നല്ലത് ചര്‍ച്ചയാണ്. യുദ്ധത്തേക്കാള്‍ നല്ലത് സംഭാഷണങ്ങളാണ് എന്നതിനാല്‍ റഷ്യ എന്നും ചര്‍ച്ചയെ പിന്തുണക്കുന്നുണ്ടെന്ന് പുടിന്‍ വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
യുഎസ് ഉക്രെയ‍്ന് ആയുധം നല്‍കുന്നതിനെയും റഷ്യന്‍ പ്രസിഡന്റ് വിമര്‍ശിച്ചു. യുഎസ് നിര്‍മ്മിത ടോമാഹോക്ക് മിസൈല്‍ ഉപയോഗിച്ച് ഉക്രെയ്ന്‍ റഷ്യയെ ആക്രമിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി.റഷ്യയിലെ ഏറ്റവും വലിയ എണ്ണ കമ്പനികളായ റോസ്‌നെഫ്റ്റിനും ലുക്കോയിലും നേരെയാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപരോധം ഏര്‍പ്പെടുത്തിയത്. ട്രംപിന്റെ രണ്ടാം ഭരണകൂടത്തിന്റെ റഷ്യക്കെതിരായ ആദ്യ ഉപരോധമാണിത്. ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനായി സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമാണ് ഉപരോധമെന്നാണ് വിശദീകരണം. അതേസമയം, ട്രംപിന്റെ ഉപരോധ പ്രഖ്യാപനത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില വര്‍ധിച്ചു. അഞ്ച് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞനിരക്കില്‍ വ്യാപാരം നടക്കുകയായിരുന്ന ക്രൂഡോയില്‍ വിലയില്‍ മൂന്ന് ശതമാനത്തിലേറെ വര്‍ധനയാണുണ്ടായത്.

Exit mobile version