Site iconSite icon Janayugom Online

യുഎസ് സുരക്ഷാ ഏജന്‍സി രേഖകള്‍ ചാറ്റ് ജിപിടിയില്‍; ഇന്ത്യൻ വംശജനായ മേധാവിയുടെ നടപടി വിവാദത്തില്‍

അമേരിക്കൻ സൈബർ സുരക്ഷാ ഏജൻസിയായ സെെബര്‍ സെക്യൂരിറ്റി ആന്റ് ഇന്‍ഫ്രാസ്ട്രെക്ച്ചര്‍ സെക്യൂരിറ്റി ഏജന്‍സി (സിസ) ഔദ്യോഗിക രേഖകൾ ചാറ്റ് ജിപിടിയിൽ അപ്‌ലോഡ് ചെയ്ത നടപടി വിവാദത്തിൽ. സിസയുടെ താത്കാലിക മേധാവിയും ഇന്ത്യൻ വംശജനുമായ മധു ഗോട്ടുമുക്കലയാണ് സ്വകാര്യ രേഖകൾ ചാറ്റ് ജിപിടിയില്‍ പങ്കുവച്ചത്. സിസയിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥരിലൊരാളാണ് മധു ഗോട്ടുമുക്കല. ചാറ്റ് ജിപിടിയിൽ നൽകുന്ന വിവരങ്ങൾ ഓപ്പൺ എഐ എന്ന കമ്പനിയുമായി പങ്കുവയ്ക്കപ്പെടുമെന്നതിനാൽ, മറ്റ് ഉപയോക്താക്കൾക്ക് മറുപടി നൽകുന്നതിന് ഈ വിവരങ്ങൾ ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ട്. വിവരങ്ങൾ ഫെഡറൽ നെറ്റ്‌വർക്കിനുള്ളിൽ തന്നെ സുരക്ഷിതമായി സൂക്ഷിക്കുന്ന ‘ഡിഎച്ച്എസ് ചാറ്റ്’ പോലുള്ള സംവിധാനങ്ങൾ നിലവിലുണ്ടായിരുന്നപ്പോഴാണ് ഇത്തരമൊരു വീഴ്ച സംഭവിച്ചത്. 

അപ്‌ലോഡ് ചെയ്യപ്പെട്ട രേഖകൾ ‘രഹസ്യസ്വഭാവ’മുള്ളവയുടെ വിഭാഗത്തിൽപ്പെട്ടതല്ലെങ്കിലും, പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ പാടില്ലാത്ത ‘ഔദ്യോഗിക ആവശ്യത്തിന് മാത്രം’ എന്ന വിഭാഗത്തിലുള്ള സര്‍ക്കാര്‍ കരാർ രേഖകളാണ്. ഡിഎച്ച്എസ് ജീവനക്കാർക്ക് ചാറ്റ് ജിടിപി ഉപയോഗിക്കുന്നതിന് വിലക്കുണ്ടായിരുന്നു. എന്നാൽ, ചാറ്റ് ജിപിടി ഉപയോഗിക്കാനുള്ള അനുമതിക്കായി ഗോട്ടുമുക്കല സമ്മർദം ചെലുത്തിയിരുന്നതായി സിസ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. അതേസമയം, ട്രംപ് ഭരണകൂടത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നയങ്ങൾക്ക് അനുസൃതമായാണ് നടപടിയെന്ന് സിസയുടെ പബ്ലിക് അഫയേഴ്സ് ഡയറക്ടർ മാർസി മക്കാർത്തി വിശദീകരിച്ചു. ഡിഎച്ച്എസിന്റെ കൃത്യമായ നിയന്ത്രണങ്ങളോടെ, പരിമിതമായ രീതിയിലാണ് മധു ഗോട്ടുമുക്കല ചാറ്റ് ജിപിടി ഉപയോഗിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. 

Exit mobile version