Site iconSite icon Janayugom Online

യുഎസ് തീരുവ തിരിച്ചടിയായി; വസ്ത്ര നിര്‍മ്മാതാക്കള്‍ ഉല്പാദനം നിര്‍ത്തി

യുഎസ് ഏര്‍പ്പെടുത്തിയ 50% തീരുവ ഇന്നലെ മുതല്‍ പ്രാബല്യത്തിലായതോടെ തിരുപ്പൂര്‍, നോയിഡ, സൂറത്ത് എന്നിവിടങ്ങളിലെ വസ്ത്ര നിര്‍മ്മാതാക്കള്‍ ഉല്പാദനം നിര്‍ത്തിവച്ചെന്ന് കയറ്റുമതിക്കാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ്.
യുഎസ് നടപടി തിരിച്ചടിയാണെന്നും രാജ്യത്തെ കയറ്റുമതിയെ സാരമായി ബാധിക്കും. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് യുഎസിലേക്കുള്ള ഇന്ത്യയുടെ വ്യാപാര കയറ്റുമതി മൂല്യം 40–45% കുറയാനാണ് സാധ്യത. ഗുരുതര തൊഴിലില്ലായ്മ, രണ്ട് വര്‍ഷമായി വിദഗ്ധ ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നത്, ശമ്പളക്കുറവ് എന്നിവയാല്‍ വലയുന്ന ഇന്ത്യയിലെ താഴ്ന്ന വൈദഗ്ധ്യമുള്ള തൊഴില്‍മേഖലയെയും യുഎസ് തീരുവ സാരമായി ബാധിച്ചേക്കാം.
ഉയര്‍ന്ന തീരുവ കാരണം മത്സരക്ഷമത മോശമായതിനാലാണ് ഉല്പാദനം നിര്‍ത്തിവയ്ക്കാനുള്ള തീരുമാനമെന്ന് കയറ്റുമതിക്കാര്‍ പറയുന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു. ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന താരിഫ് ഇന്ത്യക്ക് മേലാണ് ചുമത്തിയിരിക്കുന്നതെന്നത് ഗുരുതരമായ ആശങ്കയാണെന്നും സംഘടന അഭിപ്രായപ്പെട്ടു. ചൈന, വിയറ്റ്നാം, കംബോഡിയ, ഫിലിപ്പീന്‍സ്, മറ്റ് തെക്ക്കിഴക്കന്‍, ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ തീരുവയില്‍ നിന്ന് 30–35% വ്യത്യാസമുള്ളതിനാല്‍ ഇന്ത്യന്‍ കയറ്റുമതിക്കാരുടെ മത്സരക്ഷമതയെ ബാധിക്കും.
വിയറ്റ്നാം, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ താരിഫ് കുറവായതിനാല്‍ അവിടുത്തെ കയറ്റുമതിക്കാര്‍ക്ക് ഗുണം ലഭിക്കും. സമുദ്രോല്പന്നങ്ങള്‍ക്ക്, പ്രത്യേകിച്ച് ചെമ്മീനുകള്‍ക്ക് യുഎസ് വിപണിയുടെ 40% ഇന്ത്യക്കായിരുന്നതിനാല്‍ താരിഫ് വർധനവ് സംഭരണ നഷ്ടം, വിതരണ ശൃംഖല തടസപ്പെടുത്തല്‍, കര്‍ഷക ദുരിതം എന്നിവയ്ക്ക് കാരണമാകും. തുകല്‍, സെറാമിക്സ്, രാസവസ്തുക്കള്‍, കരകൗശല വസ്തുക്കള്‍, പരവതാനികള്‍ തുടങ്ങി മറ്റ് തൊഴില്‍ ശക്തമായ കയറ്റുമതി മേഖലകളില്‍ വ്യവസായം കുത്തനെ ഇടിവ് നേരിടുന്നുണ്ട്. യൂറോപ്യന്‍, തെക്കുകിഴക്കന്‍, മെക്സിക്കന്‍ രാജ്യങ്ങളുമായി മത്സരിക്കാന്‍ ഇന്ത്യക്കാവില്ലെന്നും പറയുന്നു. ഓര്‍ഡറുകള്‍ റദ്ദാക്കുന്നതും വിലക്കുറവും ഈ മേഖലയില്‍ വലിയതോതില്‍ ആശങ്കാജനകമാണെന്നും സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണെന്നും ആവശ്യപ്പെട്ടു.
കയറ്റുമതിയുടെ മൂന്നില്‍ രണ്ട് ഭാഗത്തെയും 50% താരിഫ് ബാധിക്കും. ചില മേഖലകളില്‍ യഥാര്‍ത്ഥ താരിഫ് നിരക്ക് 60% കവിയും. 2024–25ലെ യുഎസ് കയറ്റുമതി 8,700 കോടി ഡോളറായിരുന്നത് ഈ വര്‍ഷം 4,960 കോടിയായി കുറയുമെന്നും ആഗോള ഗവേഷക സ്ഥാപനമായ ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് നേരത്തെ കണക്കാക്കിയിരുന്നു.

Exit mobile version