വെനസ്വേലയിലെ അധിനിവേശത്തിനു പിന്നാലെ ഗ്രീന്‍ലാന്‍ഡിനെതിരെ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് ഗ്രീന്‍ലാന്‍ഡ് വളരെ അത്യാവശ്യമായ ഘടകമാണെന്നാണ് ട്രംപിന്റെ വാദം. യൂറോപ്പിനും വടക്കേ അമേരിക്കയ്ക്കും ഇടയിലുള്ള തന്ത്രപ്രധാനമായ സ്ഥാനം യുഎസ് ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനത്തിന് നിര്‍ണായക മേഖലയാക്കി ഗ്രീന്‍ലാന്‍ഡിനെ മാറ്റുന്നു. ഇതിനു പുറമേ, ദ്വീപിന്റെ ഗണ്യമായ ധാതുസമ്പത്തും ചെെനയുമായുള്ള വ്യാപാര ബന്ധം കുറയ്ക്കുകയുമാണ് യുഎസിന്റെ ലക്ഷ്യം.
ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പുകളെ അസ്വീകാര്യമായ വാചാടോപമെന്നാണ് പ്രധാനമന്ത്രി ജെൻസ് ഫ്രെഡറിക് നീൽസൺ വിശേഷിപ്പിച്ചത്. ഭീഷണികൾക്കും സമ്മർദങ്ങൾക്കും കൂട്ടിച്ചേർക്കലിനെക്കുറിച്ചുള്ള സംസാരത്തിനും സുഹൃത്തുക്കൾക്കിടയിൽ സ്ഥാനമില്ല. ഉത്തരവാദിത്തവും സ്ഥിരതയും വിശ്വസ്തതയും കാണിച്ച ഒരു ജനതയോട് ഇങ്ങനെയല്ല സംസാരിക്കേണ്ടത്. ഇനി സമ്മർദമില്ല, നൂണകളില്ല, കൂട്ടിച്ചേര്‍ക്കലുകളെക്കുറിച്ചുള്ള ഭ്രമകല്പനകള്‍ വേണ്ടെന്നും നീൽസൺ ട്രംപിനെ ഓര്‍മ്മിപ്പിച്ചു.
നാറ്റോ സഖ്യകക്ഷിക്കെതിരെ അമേരിക്ക നടത്തുന്ന ഏതൊരു ആക്രമണവും സൈനിക സഖ്യത്തിന്റെയും രണ്ടാം ലോക മഹായുദ്ധാനന്തര സുരക്ഷയുടെയും അവസാനമായിരിക്കുമെന്ന് ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക‍്സെൻ മുന്നറിയിപ്പ് നൽകി. അമേരിക്ക മറ്റൊരു നാറ്റോ രാജ്യത്തെ സൈനികമായി ആക്രമിക്കാൻ തീരുമാനിച്ചാൽ, എല്ലാം അവസാനിക്കുമെന്നും ഫ്രെഡറിക‍്സെൻ വ്യക്തമാക്കി.
ഗ്രീൻലാൻഡിനെതിരായ ആക്രമണം തടയാൻ ഡെന്മാര്‍ക്ക് സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യും. യുഎസ് അസ്വീകാര്യമായ സമ്മര്‍ദമാണ് ചെലുത്തുന്നത്. അത് ഗ്രീന്‍ലാന്‍ഡിനെതിരെ മാത്രമല്ല, ആഗോള സമൂഹത്തിനു നേരെയുള്ള യുക്തിരഹിതമായ ആക്രമണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസ്എയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്ന് ഗ്രീൻലാൻഡ് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. അടിസ്ഥാന ജനാധിപത്യ മൂല്യങ്ങൾക്കും നമ്മൾ കെട്ടിപ്പടുത്ത അന്താരാഷ്ട്ര സമൂഹത്തിനും വേണ്ടി പോരാടാൻ ഗ്രീന്‍ലാന്‍ഡുകാര്‍ തയ്യാറാണെന്നും ഫ്രെഡറിക‍്സെണ്‍ പറഞ്ഞു. ഈ വർഷം പൊതുതെരഞ്ഞെടുപ്പ് നേരിടുന്ന ഫ്രെഡറിക‍്സെനു മേൽ, നയതന്ത്രത്തിനപ്പുറം ഗ്രീൻലാൻഡ് ആക്രമിക്കപ്പെട്ടാൽ ഡെൻമാർക്ക് എങ്ങനെ പ്രതികരിക്കുമെന്ന് കൂടുതൽ വ്യക്തമായ പദ്ധതികൾ തയ്യാറാക്കാനുള്ള സമ്മർദ്ദം വർധിച്ചുകൊണ്ടിരിക്കുകയാണ്.
ദേശീയ പരമാധികാരം, പ്രദേശിക സമഗ്രത, അതിർത്തി ലംഘനങ്ങള്‍ നടത്താതിരിക്കുക തുടങ്ങിയ തത്വങ്ങള്‍ തുടര്‍ന്നും ഉയര്‍ത്തിപ്പിടിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ മുഖ്യ വിദേശ നയ വക്താവ് അനിറ്റ ഹിപ്പർ പറഞ്ഞു. ഇവ സാർവത്രിക തത്വങ്ങളാണ്. യൂറോപ്യൻ യൂണിയനിലെ ഒരു അംഗരാജ്യത്തിന്റെ പ്രദേശിക സമഗ്രത ചോദ്യം ചെയ്യപ്പെട്ടാൽ പ്രതിരോധിക്കുമെന്നും അവര്‍ വ്യക്തമാക്കി. സ്വീഡൻ, നോർവേ, ഫിൻലാൻഡ് എന്നിവയെല്ലാം ഡെൻമാർക്കിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
ഡെൻമാർക്കിനെയും ഗ്രീൻലാൻഡിനെയും സംബന്ധിച്ച വിഷയങ്ങളിൽ തീരുമാനമെടുക്കാൻ അതതു സര്‍ക്കാരുകള്‍ക്ക് മാത്രമേ അവകാശമുള്ളൂവെന്ന് സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്‌സൺ പറഞ്ഞു. ദ്വീപിന്റെ ഭാവി അവിടുത്തെ ജനങ്ങളുടെ കൈകളിലാണ് എന്ന് യുകെ, ജർമ്മനി തുടങ്ങിയ മറ്റ് യൂറോപ്യൻ സഖ്യകക്ഷികൾ ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഗ്രീൻലാൻഡിന്റെ ഭാവി നിർണ്ണയിക്കേണ്ടത് ഗ്രീൻലാൻഡും ഡെൻമാർക്കുമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കി. ഗ്രീൻലാൻഡിന്റെ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് നാറ്റോയ്ക്ക് ചർച്ച ചെയ്യാമെന്ന് ജർമ്മൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ നിർദേശിച്ചിട്ടുണ്ട്.

