Site iconSite icon Janayugom Online

കുടിയേറ്റ നയം കടുപ്പിച്ച് യുഎസ്

വെള്ളക്കാരായ ദക്ഷിണാഫ്രിക്കക്കാർക്ക് മുൻഗണന നൽകിക്കൊണ്ട്, പ്രതിവർഷം സ്വീകരിക്കുന്ന അഭയാർത്ഥികളുടെ എണ്ണം 7,500 ആയി പരിമിതപ്പെടുത്തുന്നതായി അമേരിക്ക. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുൻഗാമിയായ ജോ ബൈഡന്റെ കീഴിൽ പ്രതിവർഷം സ്വീകരിക്കുന്ന അഭയാര്‍ത്ഥികളുടെ എണ്ണം ഒരു ലക്ഷമായിരുന്നു. അഭയാർത്ഥി പ്രവേശനം പ്രാഥമികമായി വെള്ളക്കാരായ ദക്ഷിണാഫ്രിക്കക്കാർക്കോ ആ­ഫ്രിക്കക്കാർക്കോ “അവരുടെ മാതൃരാജ്യത്ത് നിയമവിരുദ്ധമോ അന്യായമോ ആയ വിവേചനത്തിന് ഇരയായവർക്കോ” അനുവദിക്കുമെന്ന് വെെറ്റ് ഹൗസിന്റെ പ്രസ്താവനയില്‍ പറയുന്നു. 

ജനുവരിയിൽ രണ്ടാം തവണയും അധികാരമേറ്റ ശേഷം ട്രംപ് അഭയാർത്ഥി പ്രവേശനം താൽക്കാലികമായി നിർത്തിവയ്ക്കുകയും കുടിയേറ്റ നിയന്ത്രണങ്ങൾ കർശനമാക്കുകയും ചെയ്തിരുന്നു. ചില സന്ദർഭങ്ങളിൽ, ഇന്ത്യക്കാർ ഉൾപ്പെടെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാൻ യുഎസ് സർക്കാർ സൈനിക വിമാനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍, വെള്ളക്കാരായ ദക്ഷിണാഫ്രിക്കക്കാർക്ക് അഭയാർത്ഥികളായി പ്രവേശിക്കുന്നതിന് ഭരണകൂടം കൂടുതല്‍ ഇളവുകള്‍ നല്‍കി. ഏകദേശം 50 വെള്ളക്കാരായ ദക്ഷിണാഫ്രിക്കക്കാരുടെ ആദ്യ സംഘം മേയിൽ യുഎസിൽ എത്തിയിരുന്നു. 

വെളുത്ത വംശജരായ ദക്ഷിണാഫ്രിക്കക്കാരെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നുവെന്നായിരുന്നു ട്രംപിന്റെ ആരോപണം. വെളുത്ത വംശജരായ കർഷകരുടെ ഭൂമി പിടിച്ചെടുക്കാൻ അനുവദിക്കുന്ന നിയമം പാസാക്കിയെന്ന് ആ­രേ­ാ­പിച്ച് ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയ്ക്കുള്ള സഹായം ട്രംപ് നിര്‍ത്തിവച്ചിരുന്നു. അമേരിക്കയെ വെറുക്കുന്ന വംശീയ വിദ്വേഷമുള്ള രാഷ്ട്രീയക്കാരനാണെന്നാരോപിച്ച് ദക്ഷിണാഫ്രിക്കൻ അംബാസഡർ ഇബ്രാഹിം റസൂലിനെ വാഷിങ്ടൺ പുറത്താക്കിയിരുന്നു.

Exit mobile version