Site iconSite icon Janayugom Online

യുഎസ്- വെനസ്വേല സംഘര്‍ഷം വ്യോമപാത അടച്ചെന്ന് ട്രംപ് കൊളോണിയല്‍ ഭീഷണിയെന്ന് വെനസ്വേല

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി തള്ളി വെനസ്വേല. ട്രംപിന്റേത് കൊളോണിയൽ ഭീഷണിയാണെന്ന് വെനസ്വേലയുടെ വിദേശകാര്യമന്ത്രാലയം ഔദ്യോഗിക ​പ്രസ്താവനയിലൂടെ അറിയിച്ചു. ശനിയാഴ്ചയാണ് വെനസ്വേല വ്യോമപാത അടച്ചതായി കണക്കാക്കണമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. ലഹരികടത്ത് ആരോപിച്ച് വെനസ്വേലയ്ക്കെതിരെ സൈനികനടപടിയുണ്ടാകുമെന്ന ഭീഷണിക്ക് പിന്നാലെയാണ് രാജ്യാന്തര വിമാനക്കമ്പനികള്‍ക്ക് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. സാധാരണനിലയിൽ അതതു രാജ്യം തന്നെയാണ് വ്യോമമേഖല അടച്ചതായി പ്രഖ്യാപിക്കുക. വെനിസ്വേലയുടെ പരമാധികാരത്തെ ഭീഷണിപ്പെടുത്തുന്ന കൊളോണിയൽ ഭീഷണിയെ തള്ളുന്നു. വെനിസ്വേലൻ ജനതക്കെതിരെ നടക്കുന്ന അതിരുകടന്നതും നിയമവിരുദ്ധവും നീതീകരിക്കപ്പെടാത്തതുമായ മറ്റൊരു കടന്നാക്രമണമായി ട്രംപിന്റെ നടപടിയെ കണക്കാക്കുന്നുവെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. 

നവംബർ ആദ്യവാരം വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ ദിവസങ്ങൾ എണ്ണപ്പെട്ടുവെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെ, മുതിർന്ന യുഎസ് ഉദ്യോഗസ്ഥരും മഡൂറോക്കും ​വെനസ്വേലൻ സർക്കാരിനുമെതിരെ കടുത്ത പരാമർശങ്ങളുമായി രംഗത്തെത്തിയിരുന്നു. ലഹരി സംഘങ്ങൾക്കെതിരെ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് വെനസ്വേലയെ ലക്ഷ്യമിടുന്നതെന്നാണ് ട്രംപ് സർക്കാരിന്റെ വിശദീകരണം. അതേസമയം, മഡുറോ സർക്കാരിനെ അട്ടിമറിക്കാൻ നിയമവിരുദ്ധമായ നീക്കങ്ങൾക്ക് വാഷിങ്ടൺ കോപ്പുകൂട്ടുകയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. 

സൈനീക വിന്യാസവും സംഘർഷ ഭരിതമായ സാഹചര്യവും ചൂണ്ടിക്കാട്ടി വെനസ്വേലയുടെ വ്യോമമേഖല ഉപയോഗിക്കുന്നതിനെതിരെ യുഎസ് ഫെഡറൽ ഏവിയേഷൻ കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ, തെക്കേ അമേരിക്കയിലേക്ക് സർവീസ് നടത്തുന്ന പ്രധാനപ്പെട്ട ആറ് വിമാനക്കമ്പനികൾ ഇതുവഴിയുള്ള സർവീസ് നിറുത്തിവച്ചു. യുഎസിന്റെ നേതൃത്വത്തിൽ നടത്തുന്ന കടന്നുകയറ്റത്തെയും ഭീകരപ്രവർത്തനങ്ങളെയും പിന്തുണക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കമ്പനികളുടെ പ്രവർത്തനാനുമതി​ വെനസ്വേലയും റദ്ദുചെയ്തിരുന്നു.

കഴിഞ്ഞ ആഴ്ച ലോകത്തിലെ വലിയ യുദ്ധക്കപ്പലുകളിലൊന്നായ സിവിഎൻ-78നെ യുഎസ് കരീബിയൻ കടലിൽ വിന്യസിച്ചിരുന്നു. അത്യാധുനിക യുദ്ധവിമാനങ്ങളെ വഹിക്കാൻ ശേഷിയുള്ളതാണ് ഈ യുദ്ധക്കപ്പൽ. ലഹരിക്കടത്ത് ആരോപിച്ച് വെനസ്വേലയുമായി ബന്ധമുള്ള കപ്പലുകളിൽ യുഎസ് ബോംബിങ് ശക്തമാക്കിയിട്ടുണ്ട്. വിവിധ സംഭവങ്ങളിലായി 12ലധികം പേരാണ് കൊല്ലപ്പെട്ടത്. 

വെനസ്വേല​യിലെ ലഹരിക്കടത്തുകാർക്കെതിരെ കരമാർഗം നടപടി കടുപ്പിക്കാനൊരുങ്ങുകയാണെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. ‘കാർട്ടൽ ദേ ലോസ് സോൾസ്’ എന്ന ലഹരിക്കടത്ത് സംഘവുമായി മഡൂറോക്ക് അടുത്ത ബന്ധമുണ്ടെന്ന് യു.എസ് ഈ വാരം ആദ്യം ആരോപിച്ചിരുന്നു. സംഘത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു യു.എസ് ​ആരോപണം. അതേസമയം, ‘കാർട്ടൽ ദേ ലോസ് സോൾസ്’ എന്ന സംഘമില്ലെന്നും ഇത് വെനസ്വേലയിൽ ലഹരിവിറ്റ് ധനികരായ ഉന്നത സൈനീകോദ്യോഗസ്ഥരെ വിശേഷിപ്പിക്കാൻ ഉ​പയോഗിക്കുന്ന പ്രയോഗമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.

അതേസമയം, അന്താരാഷ്ട്ര തലത്തിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ മഞ്ഞുരുക്കത്തിന്റെ സൂചനകൾ നൽകുന്ന റിപ്പോർട്ടുകളും പുറത്തുവരുന്നതുണ്ട്. മഡുറോയുമായി ട്രംപ് ഫോണിൽ സംസാരിച്ചതായും യുഎസിൽ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയടക്കം ചർച്ച ചെയ്തതായും വെള്ളിയാഴ്ച ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

Exit mobile version