ഇറാനെ ലക്ഷ്യമാക്കി യുഎസ് യുദ്ധകപ്പലുകള്‍ എത്തിച്ചേരുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇറാന്റെ നീക്കങ്ങള്‍ അമേരിക്ക ശക്തമായി നിരീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. യുഎസിന്റെ വിമാനവാഹിനി കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ കാരിയറാണ് ഗൾഫ് മേഖലയിലേക്ക് നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധക്കാരെ കൊല്ലുന്നതിനെതിരെയും ആണവ പരിപാടി പുനരാരംഭിക്കുന്നതിനും ടെഹ്‌റാന് മുന്നറിയിപ്പ് നൽകുകയാണ് ട്രംപ്.
സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു ട്രംപിന്റെ പ്രസ്താവന. ഇറാനിലേക്ക് പോകുന്ന ഒരു വലിയ സൈന്യം ഞങ്ങളുടെ പക്കലുണ്ട്. എന്തെങ്കിലും സംഭവിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ചിലപ്പോൾ ഈ കപ്പൽപടയെ ഉപയോഗിക്കേണ്ടി വരില്ലെന്നും ട്രംപ് പറഞ്ഞു. ഇറാനെ ആക്രമിക്കേണ്ടി വരുമെന്ന തന്റെ മുന്നറിയിപ്പാണ് ജനകീയ പ്രക്ഷോഭത്തിൽ പിടിയിലായ 837 തടവുകാരുടെ തൂക്കിക്കൊല തല്‍കാലം നിർത്തിവെക്കാൻ കാരണമെന്നും ട്രംപ് പറഞ്ഞിരുന്നു.

