Site iconSite icon Janayugom Online

സിനിമയിൽ മയക്കുമരുന്ന് ഉപയോഗിച്ചാല്‍ കേസെടുക്കാനാകില്ല: ഹൈക്കോടതി

സിനിമയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്ന അഭിനേതാക്കൾക്കെതിരെ കേസെടുക്കാനാകില്ലെന്ന് ഹൈക്കോടതി. അവർ യഥാർത്ഥത്തിൽ മയക്കുമരുന്ന് ഉപയോഗിച്ചതായി കരുതാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ ന്യായം കണക്കിലെടുത്താൽ വില്ലൻ വേഷങ്ങളിൽ അഭിനയിക്കുന്നവർക്കെതിരെ കൊലപാതകം, ആക്രമണം, ബലാത്സംഗം എന്നീ കുറ്റങ്ങളെല്ലാം ചുമത്തി കേസെടുക്കേണ്ടിവരുമല്ലോ എന്നും കോടതി ചോദിച്ചു.

‘നല്ല സമയം’ എന്ന സിനിമയുടെ സംവിധായകൻ ഒമർ ലുലുവും നിർമ്മാതാവ് കലന്തൂർ കുഞ്ഞിഅഹമ്മദും നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് വി ജി അരുൺ വിധി പ്രസ്താവിച്ചത്. എൻഡിപിഎസ് നിയമത്തിലെ സെക്ഷൻ 27, 29 വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ കോഴിക്കോട് എക്സൈസ് ഇൻസ്പെക്ടർ കേസെടുത്തിരുന്നു. ട്രെയലറിൽ സിനിമയിലെ ചില കഥാപാത്രങ്ങൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതും എംഡിഎംഎ ഉപയോഗിക്കുന്നവർക്ക് ഊർജവും സന്തോഷവും ലഭിക്കുന്നുവെന്ന് പറയുന്നതും കാണിക്കുന്നുണ്ട്. ഇതേത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. ‘കഥാപാത്രങ്ങൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കാണിക്കുന്നുണ്ട്.

എന്നാല്‍ സെക്ഷൻ 27 ബാധകമാകില്ല. സിനിമയിലെ ഇത്തരം രംഗങ്ങളിൽ അഭിനേതാക്കൾ യഥാർത്ഥത്തിൽ അതു ചെയ്തെന്ന് കരുതാനാകില്ല. അങ്ങനെയെങ്കിൽ കൊലപാതകം, അക്രമം, ബലാത്സംഗം എന്നിവയ്ക്ക് സിനിമയിലെ വില്ലൻമാർ വിചാരണ ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യണമല്ലോ. സെക്ഷൻ 27 ബാധകമല്ലാത്തതിനാൽ, സെക്ഷൻ 29 ഉം ഇവിടെ പ്രസക്തമല്ല” എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം ദൃശ്യങ്ങൾ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്കുന്നതെന്നും സർക്കാരിന്റെ ലഹരിവിരുദ്ധ നടപടികൾക്ക് വിരുദ്ധമാണെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. പ്രോസിക്യൂഷന്റെ ആരോപണങ്ങൾ പൂർണമായി അംഗീകരിച്ചാൽത്തന്നെ ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ തെളിയിക്കാനാകില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: Use of drugs in movies can­not be pros­e­cut­ed: High Court
You may also like this video

Exit mobile version