Site icon Janayugom Online

ഷോര്‍ട്ട് സെല്ലിങ്ങിന് ഉപയോഗിച്ചത് കോട്ടക് മഹീന്ദ്ര ബാങ്ക്

adani

അഡാനി ഓഹരികളുടെ ഷോര്‍ട്ട് സെല്ലിങ്ങില്‍ ഹിന്‍ഡന്‍ബര്‍ഗിന്റെ നിക്ഷേപ പങ്കാളിയായ കിങ്ഡോണ്‍ കാപ്പിറ്റല്‍ മാനേജ്മെന്റിന് വേണ്ടി വിദേശരാജ്യങ്ങളില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയതും നിയന്ത്രിച്ചിരുന്നതും കോട്ടക് മഹീന്ദ്ര ബാങ്കാണെന്ന് വെളിപ്പെടുത്തല്‍.
ഹിന്‍ഡന്‍ബര്‍ഗിന് സെബി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ കെ-ഇന്ത്യ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് എന്നൊരു കമ്പനിയുടെ പേരുണ്ട്. ഇത് കോട്ടക് മഹീന്ദ്രയാണെന്ന് ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തി. സെബിക്ക് ഹിന്‍ഡന്‍ബര്‍ഗിന്റെ കാര്യത്തില്‍ ഇടപെടാന്‍ അധികാരമില്ല. എന്നാല്‍ ഇന്ത്യയില്‍ തന്നെയുള്ള കോട്ടക്ക് ബാങ്കിന്റെ കാര്യത്തില്‍ സെബി ഒന്നും ചെയ്തിട്ടില്ല.

ബാങ്കിന്റെ സ്ഥാപകന്‍ ഉദയ് കോട്ടക് 2017ല്‍ സെബിയുടെ കമ്മിറ്റി ഓണ്‍ കോര്‍പറേറ്റ് ഗവേണന്‍സിനെ നയിച്ച വ്യക്തിയാണ്. അന്വേഷണ പരിധിയില്‍ നിന്നും ബാങ്കിനെ ഒഴിവാക്കിയത് പല ഇന്ത്യന്‍ വ്യവസായികളുടെയും പേര് പുറത്തുവരുമെന്ന് ഭയന്നാണെന്നും മറുപടിയില്‍ ആരോപിക്കുന്നു. അഡാനി ഗ്രൂപ്പ് ഓഹരികളുടെ ഷോര്‍ട്ട് സെല്ലിങ്ങിലൂടെ ഹിന്‍ഡന്‍ബര്‍ഗിന് ശതകോടികള്‍ ലാഭം നേടാനായെന്നാണ് കണക്കുകള്‍. 

ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങള്‍ തള്ളി കോട്ടക് മഹീന്ദ്ര ബാങ്ക് രംഗത്തെത്തി. ഹിന്‍ഡന്‍ബര്‍ഗോ അവരുടെ നിക്ഷേപ പങ്കാളികളോ ഒരിക്കലും തങ്ങളുടെ ഉപയോക്താവ് ആയിരുന്നില്ലെന്നാണ് വിശദീകരണം. എന്നാല്‍ വെളിപ്പെടുത്തലിന് പിന്നാലെ കോട്ടക് മഹീന്ദ്ര ഓഹരികള്‍ക്ക് രണ്ട് ശതമാനം ഇടിവ് നേരിട്ടു. എന്‍എസ്ഇയില്‍ ബാങ്കിന്റെ ഓഹരികള്‍ 1737 രൂപ വരെയെത്തി. 

Eng­lish Sum­ma­ry: Used by Kotak Mahin­dra Bank for short selling

You may also like this video

Exit mobile version