Site icon Janayugom Online

അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതിന് മുമ്പ് ഉപയോക്താക്കളെ അറിയിക്കണം: ഫേസ്ബുക്കിനെയും ട്വിറ്ററിനെയും വിളിപ്പിച്ച് കേന്ദ്രം

facebook and twitter

ഇന്ത്യന്‍ പൗരന്മാരുടെ അക്കൗണ്ടുകള്‍ നീക്കം ചെയ്ത നടപടിയില്‍ ട്വിറ്റര്‍, മെറ്റ മേധാവികളെ കേന്ദ്രസര്‍ക്കാര്‍ വിളിപ്പിച്ചു. സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്ത സംഭവത്തിലാണ് നടപടി.

മൂന്ന് വര്‍ഷം മുമ്പ് അഭിഭാഷകനായ സഞ്ജയ് ഹെഗ്ഡെയുടെ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനം ഇന്ത്യന്‍ ഭരണഘടനയുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്നാണ് കഴിഞ്ഞ ആഴ്ച ഐടി മന്ത്രാലയം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. സമൂഹ മാധ്യമങ്ങള്‍ ഇന്ത്യന്‍ പൗരന്മാരുടെ മൗലിക അവകാശങ്ങളെ മാനിക്കുകയും ഭരണഘടനയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുകയും വേണമെന്ന് മാര്‍ച്ചില്‍ ഐടി മന്ത്രാലയം കോടതിയില്‍ പറഞ്ഞിരുന്നു. ബലാത്സംഗ ഭീഷണി, തീവ്രവാദം തുടങ്ങി തീവ്രമായ വിഷയങ്ങളില്‍ ഒഴികെ ഉള്ളടക്കങ്ങളോ അക്കൗണ്ടുകളോ നീക്കം ചെയ്യുന്നതിനു മുമ്പ് ഉപയോക്താക്കളെ അറിയിക്കണമെന്നും കേന്ദ്രം പറഞ്ഞിരുന്നു.

അതേസമയം വിഷയത്തില്‍ മുന്‍ നിലപാടുകള്‍ക്ക് വിരുദ്ധമായാണ് കേന്ദ്രത്തിന്റെ നടപടിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നേരത്തെ ട്വിറ്റര്‍ അടക്കമുള്ള സാമൂഹിക മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും വിവിധ കേസുകളില്‍ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ആരോപിച്ചിരുന്നു. കൂടാതെ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ള ഐടി നിയമഭേദഗതിയും വിദ്വേഷ, വ്യാജ പ്രചാരണങ്ങള്‍ നടത്തുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ലക്ഷ്യത്തോടെയുള്ളതാണ്. ഇതിനിടെയാണ് വിദ്വേഷ പ്രചാരണത്തിന്റെ പേരില്‍ നീക്കം ചെയ്ത അക്കൗണ്ടിനെ പിന്തുണച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

Eng­lish Sum­ma­ry: Users should be noti­fied before delet­ing accounts: cen­ter to Twit­ter and Facebook

You may like this video also

Exit mobile version