ഹലാൽ സർട്ടിഫൈഡ് ഉൽപന്നങ്ങൾ വാങ്ങരുതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനങ്ങളോട് ആഹ്വാനം ചെയ്തു. ഹലാൽ ഉൽപന്നങ്ങളിലൂടെ ലഭിക്കുന്ന ലാഭം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നും, ഭീകരവാദം, നിർബന്ധിത മതപരിവർത്തനം, ലവ് ജിഹാദ് എന്നിവയ്ക്കായാണ് ഈ പണം ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഗോരഖ്പൂരിൽ നടന്ന ആർഎസ്എസ് പരിപാടിയിലായിരുന്നു യോഗി ആദിത്യനാഥിന്റെ വിവാദപരമായ പരാമർശം.
“നിങ്ങൾ എന്ത് വാങ്ങുമ്പോഴും അതിൽ ഹലാൽ സർട്ടിഫൈഡ് ടാഗ് ഇല്ലെന്ന് ഉറപ്പുവരുത്തണം. വസ്ത്രങ്ങളിലും സോപ്പുകളിലും തീപ്പെട്ടിയിലും വരെ ഇപ്പോൾ ഹലാൽ സർട്ടിഫിക്കേഷൻ ടാഗ് വരുന്നുണ്ട്. ഉത്തർപ്രദേശിൽ അതിന് ആരും ധൈര്യപ്പെടില്ല. എന്നാൽ സർക്കാർ സംവിധാനങ്ങളുടെ ഔദ്യോഗിക അംഗീകാരം ഇല്ലാതിരുന്നിട്ടുപോലും ഹലാൽ സർട്ടിഫിക്കേഷൻ ഉപയോഗിച്ച് അവർ 25,000 കോടി രൂപ ലാഭമുണ്ടാക്കി. ഈ പണമെല്ലാം ഇന്ത്യയിലെ തീവ്രവാദ പ്രവർത്തനത്തിനും ലവ് ജിഹാദിനും മതപരിവർത്തനത്തിനുമായി ഉപയോഗിക്കുകയാണ്,” യോഗി ആദിത്യനാഥ് പറഞ്ഞു. ഇന്ത്യൻ ഉപയോക്താക്കളെ ഹലാൽ സർട്ടിഫിക്കേഷന്റെ പേരിൽ ചൂഷണം ചെയ്യുന്നവർക്കെതിരെ കർഷന നടപടിയെടുക്കുമെന്നും ചങ്കുർ ബാബയെപ്പോലുള്ളവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
രാജ് ഭവനിലും മുഖ്യമന്ത്രിയുടെ വസതിയിലും നടന്നുവന്നിരുന്ന ഈദ് മിലൻ അവസാനിപ്പിച്ചതിനെക്കുറിച്ചും യോഗി പ്രതികരിച്ചു. “ഞാൻ മുഖ്യമന്ത്രിയായ സമയത്ത് മുഖ്യമന്ത്രിയുടെ വസതിയിലും രാജ് ഭവനിലും ഈദ് മിലൻ പരിപാടി സംഘടിപ്പിക്കുന്ന രീതിയുണ്ടായിരുന്നു. എന്നാൽ അവിടെ ഹോളിയോ ദീപാവലിയോ ആഘോഷിക്കുന്നുണ്ടായിരുന്നില്ല. ഇന്ത്യ മതേതര പാരമ്പര്യമുള്ള രാജ്യമാണ്. അത് മുഖ്യമന്ത്രിയുടെ വസതിയും രാജ് ഭവനുമെല്ലാം പിന്തുടരേണ്ടതാണ്. അത്തരം പരിപാടികൾ നാം സംഘടിപ്പിക്കേണ്ടതില്ല,” അദ്ദേഹം വ്യക്തമാക്കി.

