പേള്‍ ഹാര്‍ബര്‍ ആക്രമണത്തില്‍ തകര്‍ന്ന യുഎസ്എസ് അരിസോണയിലെ ജീവനക്കാരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്ത് ഡിഎന്‍എ പരിശോധന നടത്താനൊരുങ്ങി യുഎസ് സൈന്യം. തിരിച്ചറിയാന്‍ കഴിയാതെ ഹൊണോലുലു സെമിത്തേരിയിലടക്കം ചെയ്ത 88 കപ്പല്‍ ജീവനക്കാരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്ത് തിരിച്ചറിയല്‍ പരിശോധന നടത്തുക. 85 വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരിച്ചറിയാന്‍ കഴിയാതിരുന്ന മൃതദേഹങ്ങള്‍ ഡിഎന്‍എ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിശോധിക്കുകയാണ് ലക്ഷ്യം. നവംബറിലോ ഡിസംബറിലോ ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്ന് പ്രതിരോധസേനയിലെ അക്കൗണ്ടിങ് ഏജന്‍സി ഡയറക്ടര്‍ കെല്ലി മക്കേഗ് പറഞ്ഞു. കാണാതായ നാവികരുടെ കുടുംബങ്ങളില്‍ നിന്ന് ശേഖരിച്ച ഡിഎന്‍എ ഉപയോഗിച്ചായിരിക്കും ഒത്തുനോക്കല്‍. ഒരോ മൂന്ന് ആഴ്ചയിലും എട്ട് മൃതദേഹാവശിഷ്ടങ്ങള്‍ മാറ്റാനാണ് പദ്ധതിയിടുന്നത്.
1941ല്‍ യുഎസ് പ്രദേശമായ ഹവായിയിലെ ഹൊണോലുലുവിനു സമീപമുള്ള പേൾ ഹാർബർ നാവികത്താവളത്തിൽ ജപ്പാൻ സൈന്യം പൊടുന്നനെ ആക്രമണം നടത്തി. അമേരിക്കൻ പടക്കപ്പലുകളുടെ ചുടലപ്പറമ്പായി പേൾ ഹാർബർ മാറി. ഏകദേശം 16 യുഎസ് കപ്പലുകൾക്ക് നാശം സംഭവിച്ചു. 188 വിമാനങ്ങൾ തകര്‍ത്തു. 2335 യുഎസ് സൈനികർ കൊല്ലപ്പെട്ടു. അമേരിക്കൻ മണ്ണിൽ അതുവരെ നടന്ന ഏറ്റവും വലിയ ആക്രമണമായി ഇതു മാറി. ഇതിനു പ്രതികാരമെന്ന നിലയിലാണ് ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി നഗരങ്ങളിൽ ആണവായുധം യുഎസ് പ്രയോഗിച്ചത്.

