Site icon Janayugom Online

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്: 61 സീറ്റുകളില്‍ ഇന്ന് വിധിയെഴുത്ത്

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 61 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപി, സമാജ്‍വാദി പാർട്ടി, ബിഎസ്‌പി, കോൺഗ്രസ് എന്നിവയാണ് മത്സരരംഗത്തുള്ള പ്രധാനപാർട്ടികൾ. വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ച് വൈകിട്ട് ആറിന് അവസാനിക്കും.
ഒമ്പത് ജില്ലകളിലായി 692 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 2.24 കോടി വോട്ടർമാർ പോളിങ് ബൂത്തുകളിലെത്തും. അയോധ്യ, കോൺഗ്രസിന്റെ കോട്ടകളായി കണക്കാക്കപ്പെട്ടിരുന്ന അമേഠി, റായ്ബറേലി എന്നിവിടങ്ങളിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്.
സുൽത്താൻപുർ, ചിത്രകൂട്, പ്രതാപ്ഗഡ്, കൗശാംബി, പ്രയാഗ്‍രാജ്, ബരാബാക്കി, ബഹ്റൈച്ച്, ശ്രാവസ്തി, ഗോണ്ട എന്നീ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ കൗശാംമ്പി ജില്ലയിലെ സിരാത്തു നിയമസഭാ സീറ്റിൽ ജനവിധി തേടും. അപ്നാ ദൾ (കാമറവാദി) സ്ഥാനാർത്ഥി പല്ലവി പട്ടേലാണ് എതിരാളി.
സിദ്ധാർത്ഥ് നാഥ് സിങ്(അലഹബാദ് വെസ്റ്റ്), രാജേന്ദ്ര സിങ്(പ്രതാപ്ഗഢ്), നന്ദ് ഗോപാൽ ഗുപ്ത നദി(അലഹബാദ് സൗത്ത്), രമാപതി ശാസ്ത്രി(മങ്കാപൂർ) എന്നിവരാണ് മത്സരരംഗത്തുള്ള മറ്റ് മന്ത്രിമാർ.
കേന്ദ്രമന്ത്രി അനുപ്രിയ പട്ടേലിന്റെ അമ്മയും അപ്നാദൾ (കെ) നേതാവുമായ കൃഷ്ണ പട്ടേലും പ്രതാപ്ഗഢിൽ മത്സരിക്കുന്നുണ്ട്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ആരാധന മിശ്ര മോണ പ്രതാപ്ഗഡിലെ രാംപുർ ഖാസ് മണ്ഡലത്തിൽ ജനവിധി തേടും.

Eng­lish Sum­ma­ry: Uttar Pradesh Assem­bly polls

You may like this video also

Exit mobile version