Site iconSite icon Janayugom Online

ഉത്തര്‍പ്രദേശ് പോളിങ് ബൂത്തിലെ 34 സിസിടിവി ക്യാമറകള്‍ നശിപ്പിച്ചതിനുപിന്നില്‍ രാഷ്ട്രീയമില്ല: കുറ്റക്കാര്‍ കുരങ്ങന്മാരെന്ന് അധികൃതര്‍

ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ പോളിങ് ബൂത്തില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ നശിപ്പിച്ചത് കുരങ്ങന്മാരെന്ന് അധികൃതര്‍. പോളിങ്ങ് ബൂത്തില്‍ പുതുതായി സ്ഥാപിച്ച 34 സിസിടിവി ക്യാമറകളാണ് കുരങ്ങന്മാര്‍ നശിപ്പിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്നതിനായി ആരെങ്കിലും സിസിടിവി ക്യാമറകള്‍ നശിപ്പിച്ചതാകാമെന്നാണ് അധികൃതര്‍ ആദ്യം വിചാരിച്ചിരുന്നത്. അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിങ് കമ്മിറ്റി കെട്ടിടത്തിലെ സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന സിസിടിവി ക്യാമറകളാണ് വാനരസംഘം നശിപ്പിച്ചത്. ഇവിഎം, വിവിപാറ്റ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന മുറിയുടെ സുരക്ഷയ്ക്കായി സ്ഥാപിച്ചതായിരുന്നു ഇവ. 2,500 രൂപ വിലയുള്ള 52 പുതിയ ക്യാമറകളായിരുന്നു ഇവിടെ സ്ഥാപിച്ചിരുന്നതെന്നും അധികൃതര്‍ അറിയിച്ചു.

സ്ഥലത്തെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും വനം വകുപ്പിലെ ഉദ്യോഗസ്ഥരടങ്ങിയ മൂന്ന് സംഘങ്ങളെ ഇവിടെ വിന്യസിച്ചിരിക്കുകയാണ് അധികൃതരിപ്പോള്‍. ക്യാമറ നശിപ്പിച്ച സംഘത്തിലെ ഏഴ് കുരങ്ങന്മാരെ ഇതുവരെ പിടികൂടി കാട്ടിലേക്ക് വിട്ടയച്ചു. മാര്‍ച്ച് 10 ന് തെരഞ്ഞെടുപ്പ് പ്രകിയ അവസാനിക്കുന്നതുവരെ ഉദ്യോഗസ്ഥര്‍ ഇവിടതന്നെ തുടരും. ഇവിഎം, വിവിപാറ്റ് മെഷീനുകള്‍ മറ്റൊരു മുറിയിലേക്ക് സുരക്ഷിതമായി മാറ്റിയിട്ടുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

 

Eng­lish Sum­ma­ry: Uttar Pradesh: There is no pol­i­tics behind the destruc­tion of 34 CCTV cam­eras at the polling booth: offi­cials say the cul­prits are monkeys

 

You may like this video also

Exit mobile version