Site iconSite icon Janayugom Online

ഉത്തരാഖണ്ഡ് ഹിമപാതം: കുടുങ്ങി കിടക്കുന്നവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഹിമപാതത്തിൽ കുടുങ്ങി കിടക്കുന്നവർക്കായുള്ള തെരച്ചിൽ ഇന്നും തുടരുന്നു. 55 പേരിൽ 50 പേരെയാണ് ഇതുവരെ പുറത്തെത്തിച്ചത്. ഇതിൽ നാല് പേർക്ക് ജീവൻ നഷ്ടമായിരുന്നു. മോശം കാലാവസ്ഥയും മഞ്ഞു വീഴ്ചയും കാരണം രക്ഷപ്രാവർത്തനം ഇന്നലെ രാത്രി നിർത്തിവെച്ചിരുന്നു. ഡ്രോൺ ഉപോയോഗിച്ചും കുടുങ്ങികിടക്കുന്നവരെ കണ്ടെത്താൻ ശ്രമിക്കുകയാണ്. രക്ഷപ്പെടുത്തിയതിൽ 24പേർ ജോഷിമട്ടിലെ ആശുപത്രിയിൽ ആണ്.

ഗുരുതരമായി പരിക്കേറ്റ ഒരാളെ ഋഷികേശ് എയിംസിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഉത്തരഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി സ്ഥിതിഗതികൾ വിലയിരുത്തുകയും പരിക്കേറ്റവരെ സന്ദർശിക്കുകയും ചെയ്തു. ഇന്ത്യൻ ആർമി, വ്യോമസേന, ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ആറ് ഹെലികോപ്റ്ററുകൾ സ്ഥലത്തുണ്ട്. ടിബറ്റൻ അതിർത്തിയിലെ ഇന്ത്യയുടെ അവസാന ​ഗ്രാമമായ മനയ്‌ക്കും മന ചുരത്തിനും ഇടയിൽ വെള്ളിയാ‍ഴ്ച രാവിലെയാണ് മ‍ഞ്ഞുമല ഇടിഞ്ഞത്. 

സമുദ്രനിരപ്പിൽ നിന്ന്‌ 3200 മീറ്റർ ഉയരത്തിലാണ് മന ​ഗ്രാമം. ബദരിനാഥ് ക്ഷേത്രത്തിൽനിന്ന് മൂന്നു കിലോമീറ്റർ അകലെയുള്ള ബോർഡർ റോഡ് ഓർ​ഗനൈസേഷന്റെ ക്യാമ്പിലുണ്ടായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ക്ക് പോലും കടന്നു പോകാന്‍ സാധിക്കാത്തതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നേരിടുന്നുണ്ട്. 100 പേരടങ്ങുന്ന സൈനിക സംഘത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Exit mobile version