Site iconSite icon Janayugom Online

ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും: രാജ്നാഥ് സിങ്

ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് ഉടന്‍ മാറിയേക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രിയും, ബിജെപി നേതാവുമായ രാജ് നാഥ് സിങ്. ഉത്തരാഖണ്ഡില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഉ ഉത്തരായണികൗതിക് എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് സംസ്ഥാനത്ത് സിവില്‍കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട രാജ്നാഥ്സിങിന്റെ പരാമര്‍ശം .

യുസിസി നടപ്പിലാക്കുന്നതിനായി വിരമിച്ച സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കുന്നതിന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായ പുഷ്‌കര്‍ സിങ് ധാമി അംഗീകാരം നല്‍കിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിരമിച്ച ഡല്‍ഹി ഹൈക്കോടതി ജഡ്ജി പ്രമോദ് കോഹ്ലി, സാമൂഹിക പ്രവര്‍ത്തകന്‍ മനു ഗൗര്‍, മുന്‍ ചീഫ് സെക്രട്ടറിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശത്രുഘ്നന്‍ സിങ്, ഡൂണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ സുരേഖ ദങ്‌വാൾ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

സംസ്ഥാനത്തെ ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട കരട് തയ്യാറാക്കുന്നതിനുള്ള ഉത്തരവാദിത്തം ഈ സമിതിക്കായിരിക്കും.2022ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്നത്.ഉത്തരാഖണ്ഡിനെ ധീരരായ വ്യക്തികളുടെയും ദൈവങ്ങളുടെയും നാടായി പ്രതിരോധ മന്ത്രി വാഴ്ത്തുകയും ചെയ്തു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തിന്റെ പുരോഗതി എടുത്തുപറയേണ്ടതാണെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ നിന്ന് ഉത്തരാഖണ്ഡിനെ വിഭജിച്ചതിനെ തുടര്‍ന്ന് ഒരുപാട് വെല്ലുവിളികള്‍ നേരിട്ടിരുന്നെന്നും എന്നാല്‍ ഇരു സംസ്ഥാനങ്ങളും തമ്മില്‍ ശത്രുതയൊന്നും ഉടലെടുത്തിട്ടില്ലെന്നും രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി.സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്നും ഇത് സംബന്ധിച്ച വിവരങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Eng­lish Summary:
Uttarak­hand to become first state to imple­ment Uni­form Civ­il Code: Raj­nath Singh

You may also like this video:

Exit mobile version