ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ നിയമം ഉടന്‍ പ്രാബല്യത്തില്‍ വന്നേക്കും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് ചേര്‍ക്കുമെന്നാണ് സൂചന. ഇതില്‍ കോഡിന്റെ കരട് അവതരിപ്പിക്കും. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി നിയമിച്ച മുന്‍ സുപ്രീം കോടതി ജഡ്ജി രഞ്ജന ദേശായ് അധ്യക്ഷയായ കമ്മിറ്റിയാണ് കരട് തയ്യാറാക്കിയത്. സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിലുള്ള രണ്ട് ലക്ഷത്തോളം ആളുകളുമായി ആശയവിനിമയം നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് കമ്മിറ്റി അവകാശപ്പെടുന്നു.
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും വിവിധ മതങ്ങളില്‍ നിന്നുള്ള നേതാക്കളെയും ഉള്‍പ്പെടെ നേരില്‍ കണ്ടതായും സമിതി അവകാശപ്പെട്ടു. കരട് റിപ്പോര്‍ട്ട് രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്ന് ജസ്റ്റിസ് ദേശായി പറഞ്ഞു. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കല്‍ എന്നിവയില്‍ പൊതുനിയമം നടപ്പാക്കും. കരട് ബില്ലില്‍ ബഹുഭാര്യാത്വം സമ്പൂര്‍ണമായി നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നു. ലിവ് ഇന്‍ ബന്ധം മുന്നോട്ടുകൊണ്ടുപോകാന്‍ രജിസ്റ്റര്‍ ചെയ്യണമെന്നുള്ള വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം സ്ത്രീകളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തുന്നതില്‍ തീരുമാനമുണ്ടായിട്ടില്ല.
രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കുന്നത്. ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഏകീകൃത സിവില്‍ കോഡ്. രണ്ടാം തവണ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ആദ്യമന്ത്രിസഭാ യോഗത്തില്‍ തന്നെ കരട് തയ്യാറാക്കാന്‍ കമ്മിറ്റി രൂപീകരിക്കുന്നതിന് ധാമി അനുമതി നല്‍കി. ഉത്തരാഖണ്ഡിന് പുറമെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളും ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ട്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഗുജറാത്ത് സര്‍ക്കാരും ഏക സിവില്‍ കോഡ് നടപ്പിലാക്കുമെന്നാണ് സൂചന.
English Summary: Uttarakhand to implement Uniform Civil Code
You may also like this video