ഉത്തരാഖണ്ഡില്‍ നാല് ദിവസത്തിലേറെയായി തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാനുള്ള ഊര്‍ജിത ശ്രമം തുടരുന്നു. മണ്ണിടിച്ചിലും സാങ്കേതിക തകരാറും രക്ഷാ പ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നതായാണ് റിപ്പോര്‍ട്ട്. ഇന്ത്യൻ വ്യോമ സേനയുടെ മൂന്ന് പ്രത്യേക ദൗത്യസംഘങ്ങളാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. എന്നാല്‍ മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ തായ്‌ലൻഡില്‍ നിന്നും നോര്‍വേയില്‍ നിന്നുമുള്ള പ്രത്യേക സംഘത്തിന്റെ സഹായം തേടാനും പദ്ധതിയിടുന്നുണ്ട്.
2018ല്‍ തായ്‌ലൻഡില്‍ തുരങ്കത്തില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിച്ച സംഘത്തെയും സഹായത്തിനായി ക്ഷണിച്ചേക്കും. ജൂനിയര്‍ അസോസിയേഷൻ ഫുട്ബോള്‍ ടീം അംഗങ്ങള്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയപ്പോള്‍ സംഘം ഒരാഴ്ച നീണ്ട പരിശ്രമത്തില്‍ ഇവരെ പുറത്തെത്തിച്ചിരുന്നു. 10,000 ത്തിലേറെ പേരുടെ സംഘമാണ് അന്ന് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായത്. തുരങ്കത്തിനുള്ളില്‍ എങ്ങനെ രക്ഷാപ്രവര്‍ത്തനം നടത്താം എന്നതില്‍ വിദഗ്ധ ഉപദേശത്തിനായി നോര്‍വീജിയൻ ജിയോടെക്നിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായവും തേടിയേക്കും. ഇന്ത്യൻ റെയില്‍വേയിലെ വിദഗ്ധരുടെ ഉപദേശവും സഹായവും പ്രതീക്ഷിക്കുന്നുണ്ട്.
ഡല്‍ഹിയില്‍ നിന്നും എത്തിക്കുന്ന യന്ത്രമുപയോഗിച്ച് മണിക്കൂറില്‍ നാലു മുതല്‍ അഞ്ച് മീറ്റര്‍ വരെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ഉള്ളില്‍ കടക്കാൻ സാധിക്കുമെന്നും എല്ലാം ഭംഗിയായി പൂര്‍ത്തിയായാല്‍ മൂന്നടി വ്യാസമുള്ള പൈപ്പ് ഇറക്കി കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നും അധികൃതര്‍ ഇന്നലെ അറിയിച്ചിരുന്നു. എന്നാല്‍ ആദ്യമെത്തിച്ച ഡ്രില്ലിങ് മെഷീന് സാങ്കേതിക തകരാര്‍ നേരിട്ടു. ഇനി വ്യോമസേനയുടെ സഹായത്തോടെ ഹൈ പവര്‍ ഡ്രില്ലിങ് മെഷീനെത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്താനാണ് ശ്രമം.
രാത്രിയോടെ മെഷീന്‍ എത്തിയാല്‍ ഉടൻ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു. അതിനിടെ സ്റ്റീല്‍ പൈപ്പ് ഇടാനായി അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞ് രക്ഷാദൗത്യത്തിലേര്‍പ്പെട്ടിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ചാര്‍ധാം പദ്ധതിയുടെ ഭാഗമായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയായിരുന്നു അപകടം. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് പൈപ്പ് ലൈനുകള്‍ വഴി ഭക്ഷണവും ഓക്സിജനും എത്തിച്ചുനല്‍കുന്നുണ്ട്. അതേസമയം തൊഴിലാളികളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കകള്‍ ഉയരുന്നുണ്ട്.
English Summary: Uttarakhand Tunnel Collapse
You may also like this video