ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ തീര്‍ത്ഥാടന പാതയിലെ തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകാന്‍ ഇനിയും വെെകും. ഒരാഴ്ച പിന്നിട്ടതോടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ 170 മണിക്കൂറായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ആരോഗ്യസ്ഥിതിയില്‍ കടുത്ത ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. ദേശീയപാതയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്നാണ് 41 പേര്‍ കുടുങ്ങിയത്. തുടര്‍ന്ന് അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ 24 മീറ്റര്‍ തുരന്നതിനു ശേഷം യന്ത്രത്തിന് കേടുപാടുകള്‍ സംഭവിച്ചതോടെ രക്ഷാപ്രവര്‍ത്തനം തടസപ്പെടുകയായിരുന്നു. തുരക്കല്‍ അവസാനിപ്പിച്ച് പകരം ടണലിന് മുകളില്‍നിന്ന് തൊഴിലാളികള്‍ കുടുങ്ങിയ ഇടത്തേക്ക് പാതയൊരുക്കാനാണ് പുതിയ നീക്കം.
ഇതിന് നാല് മുതല്‍ അഞ്ച് വരെ ദിവസമെടുത്തേക്കും. ഡ്രില്ലിങ് യന്ത്രം കേടായതിനെത്തുടര്‍ന്ന് ഇന്‍ഡോറില്‍നിന്ന് മറ്റൊരെണ്ണം എത്തിച്ചുവെങ്കിലും ബദല്‍ മാര്‍ഗം തേടുകയായിരുന്നു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ പാത ഒരുക്കുന്നതിന് 60 മീറ്റര്‍ വരെ തുരക്കേണ്ടതുണ്ട്. ഇതുവരെ നാല് പദ്ധതികള്‍ പരീക്ഷിച്ചുവെങ്കിലും നാലും പരാജയപ്പെട്ടു. തുടര്‍ന്നാണ് അഞ്ചാമത്തെ പദ്ധതിയായി കുന്നിന്‍ മുകളില്‍ നിന്ന് ലംബമായി തുരന്ന് ഒരു ദ്വാരം ഉണ്ടാക്കാനുള്ള ശ്രമത്തിലേക്ക് എത്തിയത്. ഡ്രില്ലിങ് നടത്തുന്നതിന് മുന്നോടിയായി പ്ലാറ്റ്‌ഫോമും റോഡും ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്നലെ നടന്നത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും സംഭവസ്ഥലം സന്ദര്‍ശിച്ചു.
എല്ലാ തൊഴിലാളികളും സുരക്ഷിതരാണെന്നും പൈപ്പുകളിലൂടെ ഭക്ഷണവും വെള്ളവും നല്‍കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ബംഗാള്‍, ഒഡിഷ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍നിന്നുള്ള തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. തൊഴിലാളികളെ വിഷാദരോഗത്തില്‍ നിന്ന് രക്ഷിക്കാനുള്ള മരുന്ന് പൈപ്പിലൂടെ നല്‍കി. കൂടാതെ ഉണങ്ങിയ പഴങ്ങള്‍, മള്‍ട്ടി വൈറ്റമിൻ മരുന്ന് എന്നിവയും നല്‍കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍, പലര്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയതായി ബന്ധുക്കള്‍ പറയുന്നു. വയര്‍സ്തംഭനം, തലവേദന, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങളാണ് പലര്‍ക്കുമുള്ളതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.
English Summary: Uttarakhand tunnel disaster; The rescue operation will continue
You may also like this video