രണ്ടാഴ്ചയോളമായി സില്‍ക്യാര തുരങ്കത്തില്‍ അകപ്പെട്ട 41 തൊഴിലാളികളുടെ മോചനത്തിനായി രാജ്യം കാത്തിരിക്കുന്നു. ദൗത്യം അന്തിമഘട്ടത്തിലാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. അപ്രതീക്ഷിതമായി വന്ന തടസങ്ങള്‍ രക്ഷാദൗത്യത്തിന്റെ വേഗത കുറയ്ക്കുന്നുണ്ടെങ്കിലും തൊഴിലാളികളെ ഉടൻ പുറത്തെത്തിക്കാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് ദുരന്ത നിവാരണ അതോറിട്ടി ഉള്‍പ്പെടെയുള്ള രക്ഷാ സംഘം. രക്ഷാപ്രവര്‍ത്തനത്തിന്റെ 13 നാളുകള്‍ കടന്നു പോയി. ഇതുവരെ 46.8 മീറ്റര്‍ തുരക്കാനായതായും ഇനി 10 മുതല്‍ 13 മീറ്റര്‍ വരെ മാത്രമാണ് അവശേഷിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.
എന്നാല്‍ ഡ്രില്ലിങ് മെഷീനില്‍ സാങ്കേതിക തകരാറുണ്ടായതുമൂലം തുരക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കേണ്ടതായി വന്നു. രക്ഷാപ്രവര്‍ത്തനത്തിനായി ഡ്രോണ്‍ സാങ്കേതിക വിദ്യയുടെ സഹായവും തേടിയിട്ടുണ്ട്. അതേസമയം മണിക്കൂറില്‍ നാല് മുതല്‍ അഞ്ച് മീറ്റര്‍ വരെ തുരക്കേണ്ട ആഗര്‍ മെഷീൻ തടസങ്ങള്‍ മൂലം ഇന്നലെ വേണ്ട രീതിയില്‍ പ്രവര്‍ത്തിപ്പിക്കാനായില്ല. മൂന്ന് മീറ്ററില്‍ താഴെ മാത്രമാണ് തുരക്കാനായത്. യന്ത്രം സ്ഥാപിച്ച കോണ്‍ക്രീറ്റ് അടിത്തറ തകര്‍ന്നതും ദൗത്യം വൈകിപ്പിച്ചു. അടിത്തറ വീണ്ടും പുനര്‍നിര്‍മ്മിക്കേണ്ടതായി വന്നു. നാലരകിലോമീറ്റര്‍ ദൂരമുള്ള തുരങ്കത്തിന്റെ 57 മീറ്റര്‍ ഭാഗമാണ് തകര്‍ന്നുവീണത്.
തൊഴിലാളികളെ രക്ഷപ്പെടുത്തിയാലുടൻ ആശുപത്രികളില്‍ പ്രവേശിപ്പിക്കും. പൈപ്പുകളിലൂടെ അവശിഷ്ടങ്ങള്‍ക്കപ്പുറമെത്തിയ ശേഷം വീല്‍ഡ് സ്ട്രെച്ചറില്‍ കിടത്തി തൊഴിലാളികളെ പുറത്തേക്കെത്തിക്കുകയാണ് ലക്ഷ്യം. തൊഴിലാളികളുടെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കല്‍ സംഘം തുരങ്കത്തിനു പുറത്തുണ്ട്. 41 ആംബുലൻസുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള തൊഴിലാളികളെ എയര്‍ലിഫ്റ്റ് ചെയ്യുന്നതിനായി താല്‍ക്കാലിക ഹെലിപ്പാഡ് അടക്കം സജ്ജമാക്കിയിട്ടുണ്ട്.
English Summary: Uttarkashi tunnel collapse
You may also like this video