വരികളിലേക്കും
വരകളിലേക്കും
പാത നീണ്ടത്
പണ്ടേ മറന്നൊരുതുമ്പി
മുറ്റത്തായി
വട്ടം കറങ്ങിയത് കണ്ടപ്പോൾ
ചാഞ്ഞുള്ള നോട്ടത്തിൽ
ബാല്യവും
ചരിഞ്ഞുള്ള നോട്ടത്തിൽ
യൗവനവും കോറിയിട്ടു
ഇടയ്ക്കെപ്പോഴോ
കെട്ടിയിട്ട, കുറ്റിയെ
പുഴ വന്നു
പുറത്തേക്ക് വലിച്ചിട്ടപ്പോഴാണ്
അണഞ്ഞുപോയ വെട്ടം
മിന്നിയതും
വീണ്ടുമൊന്ന് കുതിച്ചതും
ശലഭങ്ങളോടൊപ്പം
കഥ പറയാനുള്ള കാലം
കഴിഞ്ഞെന്ന് നര പരിഹസിച്ചു
മൂടോടെ പിഴുതു
പമ്പരത്തിൽ കറക്കി
കാറ്റിൽ പറത്തി
അട്ടഹസിച്ചു കുട്ടിയായി
ചിരിക്കുന്ന പല്ലുകളിൽ
പോട് വീണതെന്ന്
ഉത്തരം താങ്ങിയ ഗൗളി
റൂട്ട് കനാൽ ചെയ്ത്
സുന്ദരമാക്കി പല്ലിയെ
വെല്ലുവിളിച്ചു!
ശരീര ഭാഗങ്ങളിൽ
ചുളിവു വീണെന്ന്
മുറ്റത്ത് നിന്നു
പതുങ്ങിച്ചിരിച്ച്,
നീയും ഞാനും
ഒരുപോലെ കറവയും,
കണക്കും തെറ്റിയ
കാലചക്രത്തിൽ-
പ്പെട്ടു പോയില്ലേയെന്ന്
പൂവാലി പശു
ഉയർത്തെഴുന്നേൽപ്പിന്റെ
കുമ്പസാരക്കൂട്ടിലേക്കിനി
എത്ര ദൂരം?