Site iconSite icon Janayugom Online

വി എസിന് നാളെ നൂറാം പിറന്നാള്‍

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് നാളെ നൂറാം പിറന്നാള്‍. നാല് വര്‍ഷമായി അദ്ദേഹം വീട്ടില്‍ പൂര്‍ണ വിശ്രമത്തിലാണ്. തിരുവനന്തപുരത്ത് ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ വി എ അരുണ്‍കുമാറിന്റെ വസതിയിലാണ് ഇപ്പോഴുള്ളത്. 1923 ഒക്ടോബര്‍ 20 നാണ് അദ്ദേഹത്തിന്റെ ജനനം. പക്ഷാഘാതത്തെത്തുടര്‍ന്ന് 2019 ഒക്ടോബര്‍ മാസത്തിലാണ് അദ്ദേഹം പൂര്‍ണവിശ്രമത്തിലേക്ക് കടന്നത്. കയ്യുടെ ചലനശേഷിയെ ബാധിച്ചെങ്കിലും പിന്നീട് ഭേദമായി.

വാര്‍ധക്യത്തിന്റെ അവശതകളിലും പത്രങ്ങള്‍ വായിച്ചുകേട്ടും ടെലിവിഷന്‍ ചാനലുകള്‍ കണ്ടും വാര്‍ത്തകളെല്ലാം അദ്ദേഹം അറിയുന്നുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ദിവാന്‍ ഭരണവും രാജവാഴ്ചയുമെല്ലാം ജനജീവിതം ദുഃസഹമാക്കിയപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു വി എസ്.

കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ നിരവധി വികസന‑ക്ഷേമ പ്രവര്‍ത്തനങ്ങളുടെ പിന്നില്‍ പാവപ്പെട്ടവരും ദുര്‍ബലരുമായ പതിനായിരങ്ങളുടെ ദുരിതങ്ങള്‍ നേരിട്ടറിഞ്ഞതിന്റെ ഓര്‍മ്മകളുണ്ടായിരുന്നു. പ്രതിപക്ഷ നേതാവായിരുന്ന കാലത്തുള്‍പ്പെടെ, ജനങ്ങളോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച പതിറ്റാണ്ടുകളിലെ അനുഭവങ്ങളുടെ കരുത്തില്‍ നൂറാം ജന്മദിനത്തിലേക്ക് കടക്കുകയാണ് വി എസ്. പതിവുപോലെ വലിയ ആഘോഷങ്ങളൊന്നുമില്ലാതെ.

Eng­lish Sum­ma­ry: v s achuthanan­dan birthday
You may also like this video

Exit mobile version