Site icon Janayugom Online

കര്‍ഷകനെയും കൃഷിയെയും സ്നേഹിച്ച നേതാവ്: തൃശൂര്‍ക്കാര്ടെ സ്വന്തം വി എസ് സുനില്‍കുമാര്‍

v s sunil

1967മേയ് 30ന് തൃശൂര്‍ ജില്ലയിലെ അന്തിക്കാട് വെളിച്ചപ്പാട്ട് വീട്ടില്‍ സുബ്രഹ്മണ്യന്റെയും പ്രേമാവതിയുടെയും നാലുമക്കളില്‍ രണ്ടാമനായി ജനനം. അന്തിക്കാട് കെജിഎം എപി സ്‌കൂള്‍, അന്തിക്കാട് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. നാട്ടിക എസ്എന്‍ കോളജില്‍ നിന്ന് പ്രീ ഡിഗ്രിയും തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളജില്‍ നിന്ന് തത്വശാസ്ത്രത്തില്‍ ബിരുദവും നേടിയശേഷം തിരുവനന്തപുരം ലോ കോളജില്‍ നിന്ന് എല്‍എല്‍ബി പാസായി.

വിദ്യാര്‍ത്ഥി സംഘടനാരംഗത്ത് സജീവമായിരുന്ന സുനില്‍കുമാര്‍ അഖിലേന്ത്യാ വിദ്യാര്‍ത്ഥി ഫെഡറേഷന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ദേശീയ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അഖിലേന്ത്യാ യുവജന ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ദേശീയ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1992 മുതല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. തൃശൂര്‍ ജില്ലാ എക്സിക്യുട്ടീവ് അംഗം, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, ദേശീയ കൗണ്‍സില്‍ അംഗം എന്നീ ചുമതലകള്‍ വഹിച്ചു. നിലവില്‍ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും സംസ്ഥാന കൗണ്‍സില്‍ അംഗവുമാണ്.

ശാസ്ത്ര സാഹിത്യ പരിഷത്ത് അന്തിക്കാട് മേഖലാ സെക്രട്ടറി, സി.അച്യുതമേനോന്‍ ഫൗണ്ടേഷന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി, ഏനമ്മാവ്-പെരിങ്ങോട്ടുകര(തൃശൂര്‍ താലൂക്ക്) ചെത്തുതൊഴിലാളി യൂണിയന്‍-എഐടിയുസി പ്രസിഡന്റ്(കെ പി പ്രഭാകരന്റെ മരണശേഷം നാളിതുവരെ യൂണിയന്റെ പ്രസിഡന്റാണ്), അന്തിക്കാട് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍, വി കെ മോഹനന്‍ കാര്‍ഷിക സംസ്കൃതി ചെയര്‍മാന്‍, സിഡബ്ല്യുആഡിഎം എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിക്കുന്നു.

വിദ്യാര്‍ത്ഥി-യുവജന സമരങ്ങളില്‍ പങ്കെടുത്ത് പൊലീസ് മര്‍ദനവും ജയില്‍വാസവും അനുഭവിച്ചു. നവോദയ സമരം, പോളിടെക്‌നിക് സമരം, പ്രീ ഡിഗ്രി ബോര്‍ഡ് സമരം, സ്വകാര്യ‑സ്വാശ്രയ കോളജ് സമരം തുടങ്ങിയ പ്രക്ഷോഭങ്ങളില്‍ സജീവമായിരുന്നു. സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന സ്വകാര്യ‑സ്വാശ്രയ കോളജ് സമരത്തിന്റെ നിരാഹാരപ്പന്തലില്‍ വച്ച് പൊലീസിന്റെ ക്രൂരമര്‍ദനത്തിന് ഇരയായി. 2006ല്‍ നിയമസഭാ മാര്‍ച്ചിന് നേതൃത്വം കൊടുക്കുമ്പോള്‍ പൊലീസിന്റെ ഇലക്ട്രിക് ലാത്തി പ്രയോഗത്തില്‍ പരിക്കേറ്റു. 29 ദിവസം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവ് ശിക്ഷയനുഭവിച്ചു.

2006ല്‍ തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ് നിയോജകമണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2006–2011 കാലഘട്ടത്തില്‍ ചേര്‍പ്പ് എംഎല്‍എ ആയിരിക്കുമ്പോഴാണ് തൃശൂര്‍-പൊന്നാനി കോള്‍ വികസന പദ്ധതിക്ക് തുടക്കം കുറിച്ചത്. 2011ല്‍ കയ്പമംഗലം മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. അക്കാലയളവില്‍ നിയമസഭ അഷ്വറന്‍സ് കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ചു. ആ ഘട്ടത്തില്‍ ശബരിമലയുടെ പ്രത്യേക വികസനം ലക്ഷ്യമിട്ടുകൊണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് പിന്നീട് ശബരിമല മാസ്റ്റര്‍പ്ലാനിന്റെ രൂപീകരണത്തിന് വഴിതുറന്നത്. നിയമസഭയില്‍ അവതരിപ്പിച്ച ഒരു സ്വകാര്യ ബില്ല് പിന്നീട് ക്ഷേത്രകലാകാരന്മാര്‍ക്കുള്ള ക്ഷേമനിധി നിയമമായി.

2016ല്‍ തൃശൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന കൃഷി-മണ്ണ് സംരക്ഷണവും മണ്ണ് പര്യവേക്ഷണ വകുപ്പ് മന്ത്രിയായി. ഇന്ത്യയില്‍ ആദ്യമായി ഒരു സംസ്ഥാനത്ത് കര്‍ഷക ക്ഷേമ ബോര്‍ഡ് യാഥാര്‍ത്ഥ്യമാക്കിയത് അക്കാലത്താണ്. ഓണത്തിനൊരു മുറം പച്ചക്കറി, ഇന്ത്യയില്‍ ആദ്യമായി നെല്‍ക്കര്‍ഷകര്‍ക്ക് റോയല്‍റ്റി, സുഭിക്ഷകേരളം പദ്ധതി, ജൈവകാര്‍ഷിക മുറകളുടെ വ്യാപനം, നമ്മുടെ നെല്ല് നമ്മുടെ അന്നം പദ്ധതി, ഫയലില്‍ നിന്ന് വയലിലേക്ക്, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍കളെ കാര്‍ഷികസംസ്കാരത്തിലേക്ക് കൊണ്ടുവന്ന പാഠം ഒന്ന് പാടത്തേക്ക്, ജീവനി-നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം, തരിശുനിലകൃഷി വ്യാപനം എന്നിവയുള്‍പ്പെടെ കൃഷി മന്ത്രിയായിരിക്കെ ആവിഷ്കരിച്ച് നടപ്പിലാക്കി. വൈഗ (Val­ue Addi­tion for Income Gen­er­a­tion in Agri­cul­ture-VAIGA) എന്ന പേരില്‍ ആരംഭിച്ച അന്താരാഷ്ട്ര കാര്‍ഷിക‑കാര്‍ഷികാധിഷ്ഠിത സംരംഭക പ്രദര്‍ശനം സ്ഥിരം സംവിധാനമായി മാറി. ചക്കയെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചതും മാരകകീടനാശിനികള്‍ നിയമം മൂലം നിരോധിച്ചതും അക്കാലത്താണ്.

മികച്ച  കൃഷി മന്ത്രിക്കുള്ള പി ടി ചാക്കോ പുരസ്കാരം, മികച്ച പൊതുപ്രവര്‍ത്തകനുള്ള രാജീവ്ഗാന്ധി ഫൗണ്ടേഷന്‍ അവാര്‍ഡ്, മികച്ച നിയമസഭാ സാമാജികനുള്ള ശങ്കരനാരായണന്‍ തമ്പി പുരസ്കാരം, ഡോ. കെ കെ രാഹുലന്‍ പുരസ്കാരം, പൗലോസ് താക്കോല്‍ക്കാരന്‍ പുരസ്കാരം, തിരുവനന്തപുരം റോട്ടറി ക്ലബ്ബിന്റെ അവാര്‍ഡ്, കൃഷ്ണന്‍ കണിയാംപറമ്പില്‍ സ്മാരക അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായി. അഡ്വ. രേഖ സുനില്‍കുമാറാണ് ജീവിത പങ്കാളി. മകന്‍ നിരഞ്ജന്‍കൃഷ്ണ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ എംഎ ഇക്കണോമിക്സ് വിദ്യാര്‍ത്ഥിയാണ്.

Exit mobile version